ട്വാന്റണ്‍: ഷാക്കിബിന്റെ ഷോട്ടുകൾ ഇത്തവണ പാഴായില്ല. വിൻഡീസിനെതിരെ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. വിൻഡീസ് ഉയർത്തിയ 322 റൺസ് വിജയലക്ഷ്യം 52 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സെഞ്ചുറി നേടിയ ഷാക്കിബ് അൽ ഹസന്റെയും വെടിക്കെട്ട് ബാറ്റിങ്ങുമായി അർധ സെഞ്ചുറി തികച്ച ലിറ്റൺ ദാസിന്റെയും പ്രകടനമാണ് ബംഗ്ലാദേശിന്റെ വിജയം അനായാസമാക്കിയത്.

ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം നൽകി ഓപ്പണർമാർ മടങ്ങിയതിന് പിന്നാലെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഷാക്കിബ് ടൂർണമെന്റിലെ തന്റെ രണ്ടാം സെഞ്ചുറി തികയ്ക്കുകയായിരുന്നു. 29 റൺസെടുത്ത സൗമ്യ സർക്കാരിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. അർധസെഞ്ചുറിക്ക് രണ്ട് റൺസ് അകലെ തമീം ഇഖ്ബാലും വീണു. മുഷ്തഫിക്കൂർ റഹ്മാന്രെ പോരാട്ടം ഒറ്റ റൺസിൽ അവസാനിച്ചു.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഷാക്കിബ് – ലിറ്റൺ കൂട്ടുകെട്ട് ബംഗ്ലാദേശിനെ അതിവേഗം വിജയത്തിലേക്ക് നയിച്ചു. 99 പന്തിൽ നിന്നാണ് ഷാക്കിബ് 124 റൺസെടുത്തത്. 14 ഫോറുകളാണ് തന്റെ ഇന്നിങ്സിൽ താരം പറത്തിയത്. 69 പന്തുകൾ നേരിട്ട ലിറ്റൺ ദാസ് എട്ട് ഫോറും നാല് സിക്സും ഉൾപ്പടെ 94 റൺസെടുത്തു. ഗബ്രിയേലിനെ അടുത്തടുത്ത മൂന്ന് പന്തുകളിൽ ലിറ്റൺ സിക്സർ പായിച്ചതും മത്സരത്തിലെ എടുത്തുപറയേണ്ട നിമിഷങ്ങളിലൊന്നായിരുന്നു.

നേരത്തെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 321 റൺസെടുത്തത്. വെടിക്കെട്ട് ബാറ്റിങ്ങുമായി മധ്യനിര തിളങ്ങിയ മത്സരത്തിൽ മൂന്ന് വിൻഡീസ് താരങ്ങളുടെ അർധസെഞ്ചുറിയാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. എവിൻ ലെവിസ്, ഷായ് ഹോപ്പ്, ഷിമ്രോൻ ഹെറ്റ്മയർ എന്നിവരാണ് അർധസെഞ്ചുറി നേടിയത്. സാവധാനം കളിച്ച ഹോപ്പ് സെഞ്ചുറിയിലെക്കെന്ന് തോന്നിപ്പിച്ചെങ്കിലും നാല് റൺസകലെ വീണു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 13 പന്ത് നേരിട്ട ക്രിസ് ഗെയ്ൽ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന എവിൻ ലെവിസ് ഷായ് ഹോപ്പ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർത്തതോടെ വിൻഡീസ് മത്സരത്തിലേക്ക് തിരികെയെത്തി. ഒരുവശത്ത് ലെവിസ് തകർത്തടിച്ചപ്പോൾ മറുവശത്ത് വിക്കറ്റ് സംരക്ഷിക്കുകയായിരുന്നു ഹോപ്പ്.

ടീം സ്കോർ 122ൽ എത്തിയപ്പോഴേക്കും ലെവിസിനെ പുറത്താക്കി ഷാക്കിബ് അൽ ഹസൻ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ നിക്കോളാസ് പൂറാനും ഷിമ്രോൻ ഹെറ്റ്മയറും വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ക്രീസ് വിട്ടപ്പോഴും ഹോപ്പ് പ്രതീക്ഷയായി ക്രീസിൽ നിലയുറപ്പിച്ചു. നിക്കോളാസ് പൂറാൻ 25 റൺസെടുത്തപ്പോൾ ഹെറ്റ്മയർ അർധസെഞ്ചുറി തികച്ചതിന് ശേഷമാണ് പുറത്തായത്.

ആന്ദ്രെ റസൽ നേരിട്ട രണ്ടാം പന്തിൽ തന്നെ കൂടാരം കയറി. ഏഴമനായി ഇറങ്ങിയ നായകൻ ഹോൾഡർ നാല് ഫോറും രണ്ട് സിക്സും ഉൾപ്പടെ 33 റൺസ് നേടി വിൻഡീസ് ഇന്നിങ്സിൽ നിർണായക പങ്കുവഹിച്ചു. ഹോൾഡറിന് പിന്നാലെ സെഞ്ചുറി തികയ്ക്കാനാകാതെ ഹോപ്പും മടങ്ങിയെങ്കിലും, വിൻഡീസ് മികച്ച സ്കോറിലെത്തുകയായിരുന്നു.

ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അൽ ഹസൻ, മുഹമ്മദ് സെയ്ഫുദീൻ, മുസ്തഫിസൂർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. തുടക്കത്തിൽ വിൻഡീസിനെ പിടിച്ചുകെട്ടാൻ ബംഗ്ലാ ബോളർമാർക്ക് സാധിച്ചെങ്കിലും മധ്യ ഓവറുകളിൽ കൂടുതൽ റൺസ് വിട്ടുനൽകിയത് തിരിച്ചടിയായി.

ലോകകപ്പില്‍ ഇതാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ബംഗ്ലാദേശിനോട് പരാജയപ്പെടുന്നത്. ഇതിന് മുമ്പ് നാല് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാലിലും ജയം കരീബിയന്‍ ദ്വീപുകാര്‍ക്കൊപ്പമായിരുന്നു. കഴിഞ്ഞ തവണ ലോകകപ്പില്‍ മുഖാമുഖം വന്നപ്പോള്‍ ബംഗ്ലാദേശിനെ 58 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് വിന്‍ഡീസുകാര്‍ നാണംകെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook