ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരം യുദ്ധമായി കണക്കാക്കുന്ന ആരാധകരുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുളള ശത്രുതയെ കളിക്കളത്തിലേക്കും വലിച്ചിഴച്ചാണ് അത്തരമൊരു പ്രതീതി ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്ത്യ- പാക് മത്സരം യുദ്ധമല്ലെന്ന് പറയുകയാണ് പാക് മുന്‍ ഇതിഹാസ താരം വസീം അക്രം. ഇരു ഭാഗത്തേയും ആരാധകര്‍ സമാധാനപരമായി കളി ആസ്വദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തിന് എരിവ് പകരുന്ന രീതിയില്‍ ആവരുത് ക്രിക്കറ്റിനെ കാണുന്നത്. പകരം ആസ്വദിക്കാന്‍ വേണ്ടി മാത്രമായിരിക്കണം ഈ മത്സരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും. അതുകൊണ്ട് അതിനെ പോസിറ്റീവായി കാണണം. അല്ലാതെ ഇതൊരു യുദ്ധമാണെന്ന് കണക്കാക്കരുത്,’ വസീം അക്രം പറഞ്ഞു.
‘പ്രകോപനപരമായ നീക്കം ഒഴിവാക്കിയാല്‍ പാക്കിസ്ഥാന് വിജയിക്കാനാവും. ഇന്ത്യയുമായുളള ലോകകപ്പ് മത്സരങ്ങളില്‍ മധുരമുളള ഓര്‍മ്മകളൊന്നും ഇനിക്ക് ഇല്ല. പക്ഷെ എല്ലാ ആരാധകരും ടിവിക്ക് മുമ്പില്‍ ഇരുന്ന് കാണുന്ന ഓരോ മത്സരങ്ങളിലും കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. അതുപോലെ തന്നെയാണ് ഈ ഞായറാഴ്ചയിലെ മത്സരവും,’ വസീം അക്രം പറഞ്ഞു.
ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ഇതുവരെ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യ വിജയം നേടി. ഇത്തവണ പാക്കിസ്ഥാന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്ലിയും കൂട്ടരും തയ്യാറല്ല. ലോകകപ്പിലെ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്.
Read More: Live Updates: കാത്തിരുന്ന കളി ഇന്ന്; ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം വൈകിട്ട് മൂന്നിന്
ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നതെങ്കിലും മഴ ഭീഷണി നിലനില്ക്കുന്നു. എങ്കിലും കളി നടക്കുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഇന്നലെയും മാഞ്ചസ്റ്ററില്‍ മഴ പെയ്തിരുന്നു.
ഇന്ത്യ കളിച്ച മൂന്നില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഒന്ന് മഴയില്‍ ഒലിച്ചുപോയി. ന്യൂസിലന്‍ഡിനെതിരെ നോട്ടിങ്ഹാമില്‍ നടക്കേണ്ടിയിരുന്ന കളിയാണ് നടക്കാതെ പോയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനം നടത്താനിറങ്ങാതിരുന്നതും ഉജ്ജ്വലഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്കും ഇന്ത്യയെ നേരിയ തോതില്‍ വിഷമമുണ്ടാക്കുന്നു.
ഇന്ന് ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിജയ് ശങ്കറായിരിക്കും കളിക്കാനിറങ്ങുക. ഇന്ത്യന്‍ നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. കരുത്തുറ്റ ബാറ്റിങ്, ബോളിങ് നിരയുള്ള ഇന്ത്യക്കാണ് ഇന്നത്തെ പോരാട്ടത്തില്‍ മുന്‍തൂക്കം. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ധോണി, ഹിറ്റര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ബോളിങ്ങിലും മിന്നുന്ന ഫോമിലാണ്.
ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം നൂറ് ശതമാനമാണ്. ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടാനിറങ്ങുന്നത് ഏഴാം തവണയാണ്. മുന്‍പ് നടന്ന ആറിലും ഇന്ത്യന്‍ ജയം ആധികാരികമായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 76 റണ്‍സിന്റെ വിജയം നേടിയിരുന്നു. എന്നാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന് കഴിഞ്ഞിരുന്നു. ആ പ്രകടനം ഇന്നും നടത്താമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ടീം.