ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടത് ചര്‍ച്ചയാക്കി ലോകോത്തര താരങ്ങള്‍. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി നേരത്തെ ധോണിയെയും ജാദവിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ മുന്‍ പേസറും ഇതിഹാസ താരവുമായ വഖാര്‍ യൂനസ് ധോണിക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

Read Also: ‘അദ്ദേഹം ശ്രമിച്ചിരുന്നു, പറ്റിയില്ല’; ധോണിയെ പിന്തുണച്ച് വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അലസമായി കളിച്ചു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ വരുന്നത്. പാക്കിസ്ഥാന്റെ സെമി പ്രവേശനം ഇല്ലാതാക്കാനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് എന്നാണ് പ്രധാന വിമര്‍ശനം. ഈ വിമര്‍ശനങ്ങളുടെ ചുവടുപിടിച്ചാണ് വഖാര്‍ ആഞ്ഞടിച്ചിരിക്കുന്നത്. ചാമ്പ്യന്‍സിന് ചേര്‍ന്ന പ്രകടനമല്ല ഇന്ത്യ നടത്തിയതെന്ന് വഖാര്‍ ട്വിറ്ററില്‍ കുറിച്ചു. “ഇത് നിങ്ങളല്ല, ജീവിതത്തില്‍ നിങ്ങള്‍ എന്താണോ ചെയ്യുന്നത് അതാണ് നിങ്ങളെ നിര്‍വചിക്കുന്നത്. പാക്കിസ്ഥാന്‍ സെമിയില്‍ കയറുമോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. ചില ചാമ്പ്യന്‍മാരുടെ സ്‌പോര്‍ട്‌സ്മാൻഷിപ്പ് പരീക്ഷപ്പെട്ടു. അവര്‍ അതില്‍ അതിദയനീയമായി പരാജയപ്പെടുകയും ചെയ്തു.”-വഖാര്‍ യൂനസ് ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന പാക് താരങ്ങള്‍ മത്സരശേഷം ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Read Also: വിജയ് ശങ്കറും ലോകകപ്പിൽ നിന്ന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും

നിരുത്തരവാദിത്വത്തോടെ ബാറ്റ് വീശിയ കേദാർ ജാദവിനെയും എം.എസ്.ധോണിയെയും ഗാംഗുലി വിമർശിച്ചിരുന്നു. ഇരുവരുടെയും സമീപനത്തെ വിവരിക്കാൻ പ്രയാസമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രസ്താവന. സിക്സുകളും ഫോറുകളും വേണ്ടിടത്ത് സിംഗിൾ അടിച്ചു കളിക്കുകയാണ് ഇരുവരും ചെയ്തതെന്നും ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 31 പന്തിൽ 42 റൺസാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ട് കൂടി അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ സാധിക്കാതെ പോയതാണ് ഇന്ത്യൻ തോൽവിക്ക് കാരണമായത്. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇതോടെ പാഴായി.

ധോണിയെ പിന്തുണച്ചാണ് നായകൻ വിരാട് കോഹ്‌ലി എത്തിയത്.  സാഹചര്യത്തിന്റെ പ്രശ്നമാണെന്നാണ് കോഹ്‌ലി പറയുന്നത്. എം.എസ്.ധോണി പരമാവധി ശ്രമിച്ചെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

“ബൗണ്ടറികൾ കണ്ടെത്താൻ എം.എസ്.ധോണി പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അത് ലക്ഷ്യം കണ്ടില്ല. മികച്ച രീതിയിലാണ് ഇംഗ്ലീഷ് ബോളർമാർ പന്തെറിഞ്ഞത്. അവസാനം വരെ ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ട് നേരിട്ടു. തോൽവിയിൽ നിന്നും കാര്യങ്ങൾ പഠിച്ച് അടുത്ത് മത്സരത്തിൽ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കും,” വിരാട് കോഹ്‌ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook