/indian-express-malayalam/media/media_files/uploads/2019/06/Micky-Arthur.jpg)
സതാംപ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നുവെന്ന് പാക്കിസ്ഥാന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടത്. തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.
''കഴിഞ്ഞ ഞായറാഴ്ച, എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നി. പക്ഷെ, അത് ഒരു മത്സരം മാത്രമായിരുന്നു. വളരെ പെട്ടെന്നാണ് സംഭവിച്ചത്. ഒരു കളി തോറ്റു. അടുത്ത കളി തോല്‍ക്കുന്നു. ലോകകപ്പാണ്, മീഡിയയുടെ വിമര്‍ശനം, ആളുകളുടെ പ്രതീക്ഷ, നമ്മള്‍ സര്‍വൈവല്‍ മോഡിലാകും. എല്ലാവരും ഇത് അനുഭവിച്ചിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു.
എന്തായാലും തൊട്ടടുത്ത മത്സരത്തില്‍ പാക്കിസ്ഥാന്‍ തിരികെ വന്നു. ദക്ഷിണാഫ്രിക്കയെ 49 തകര്‍ത്ത് പാക്കിസ്ഥാന്‍ ലോകകപ്പ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്. ഇനിയുള്ള മൂന്ന് കളികളും ജയിക്കുകയും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്താല്‍ സെമി കളിക്കാനുള്ള സാധ്യത തെളിയും. ന്യൂസിലന്‍ഡിനെതിരെ ബുധനാഴ്ചയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.
പാക്കിസ്ഥാനെ 89 റണ്‍സിന് തകര്‍ക്കുകയായിരുന്നു ഇന്ത്യ. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ പാക്കിസ്ഥാനെ വിജയലക്ഷ്യം 302 റണ്‍സായിരുന്നു. കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 89 റണ്‍സകലെ പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാന്റെ പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. പാക്കിസ്ഥാന്‍ വിജയം 49 റണ്‍സിന്. ഇന്നത്തെ വിജയത്തോടെ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ മോഹങ്ങള്‍ക്ക് വീണ്ടും ചിറകു നല്‍കി. എന്നാല്‍ തോല്‍വിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്നും സെമി കാണാതെ പുറത്തായി.
പാക് ബോളര്‍മാരില്‍ നിന്നും കണ്ടത് കരുത്തുറ്റ പ്രകടനമാണ്. മൂന്ന് വിക്കറ്റ് വീതം നേടിയ ഷദാബ് ഖാനും വഹാബ് റിയാസുമാണ് മുന്നില്‍. തീപാറും പേസുമായി ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിച്ച മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റ് നേടി. ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും നേടി. 259 റണ്‍സുമായാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്സ് അവസാനിപ്പിച്ചത്.
ഇന്ത്യയ്ക്കെതിരെ തകര്‍ന്ന പാക്കിസ്ഥാന്‍ ബാറ്റിങ് നിര ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 309 റണ്‍സ്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 308 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഹാരിസ് സൊഹൈല്‍, ബാബര്‍ അസം എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us