മാഞ്ചസ്റ്റര്‍: ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ അതിന് മറ്റേതൊരു മത്സരത്തേക്കാളും ആവേശവും രാഷ്ട്രീയതലങ്ങളുമുണ്ട്. ഇന്നലത്തെ മത്സരത്തിന്റെ ബില്‍ഡ് അപ്പ് രണ്ട് ടീമുകള്‍ക്കുമിടയിലെ വൈര്യത്തെ വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ തങ്ങളെ സംബന്ധിച്ച് ഇത് മറ്റേത് മത്സരത്തേയും പോലെ തന്നെയാണെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണം.

തന്റെ വാക്കുകളെ കളിക്കളത്തിലും വിരാട് കാണിച്ചു തന്നു. അതുപോലെ തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ക്രിക്കറ്റില്‍ സ്ഥാനമില്ലെന്നും ഇവിടെ താരങ്ങള്‍ തമ്മില്‍ പകയോ വിദ്വേഷമോ ഇല്ലെന്നു കൂടി ഇന്ത്യന്‍ നായകന്‍ കാണിച്ചു തന്നു.

കളിക്കിടെ നിലത്തു വീണ പാക് ബോളര്‍ വഹാബ് റിയാസിനോടുള്ള വിരാടിന്റെ പെരുമാറ്റം താരത്തിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിക്കൊടുക്കുകയാണ്. പന്തെറിഞ്ഞ ശേഷം വഹാബ് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ഇതിനിടെ സിംഗിള്‍ എടുത്ത കോഹ്‌ലി വഹാബിന് അടുത്തെത്തി പരിശോധിക്കുകയായിരുന്നു. ഇരുവരും പരസ്പരം ചിരിച്ചു കൊണ്ടാണ് പിരിഞ്ഞത്.

അതേസമയം, 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 89 റണ്‍സകലെ പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook