മാഞ്ചസ്റ്റര്‍: ആരാധകരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം വിജയ് ശങ്കറിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് പറയുമ്പോഴും ശങ്കറില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് വിരാട് കോഹ്ലിയും രവി ശാസ്ത്രിയും. കഴിഞ്ഞ മത്സരത്തിലും താരം പരാജയപ്പെട്ടതോടെ വിജയ് ശങ്കറിനെതിരെ ആരാധകര്‍ തിരിഞ്ഞിട്ടുണ്ട്. ധവാന്റെ പരുക്ക് മൂലം ലോകകപ്പ് ടീമിലെത്തിയ ഋഷഭ് പന്തിനെ പകരം ഇറക്കണമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ താന്‍ വിജയ് ശങ്കറിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
”ഇത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. പാക്കിസ്ഥാനെതിരെ അവന് നന്നായി കളിച്ചതാണ്. അഫ്ഗാനെതിരേയും മോശമായിരുന്നില്ല. ഷോട്ട് സെലക്ഷനെ കുറിച്ച് മത്സരശേഷം ഞങ്ങള്‍ സംസാരിച്ചിരുന്നു. അവസാന കളിയിലും മോശമായിരുന്നില്ല. അവന് നല്ലൊരു ഇന്നിങ്സിലേക്ക് അടുക്കുകയാണ്. അതുടനെ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പാണ്” എന്നായിരുന്നു കോഹ്ലിയുടെ നിലപാട്.
അതേസമയം, മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിസഹിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെവിന് പീറ്റേഴ്സണ്. ഇന്ത്യയുടെ ടീം ലൈനപ്പില്‍ മാറ്റങ്ങള്‍ വരുത്താന്‍ രവി ശാസ്ത്രിയും വിരാട് കോഹ്ലിയും തയ്യാറാകത്തതിനെയാണ് പീറ്റേഴ്സണ് പരിഹസിച്ചത്. പരുക്ക് പറ്റിയ ശിഖര്‍ ധവാന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തെങ്കിലും കളിപ്പിച്ചിട്ടില്ല. കെ.എല്‍.രാഹുലിനെ ഓപ്പണറാക്കുകയാണ് ചെയ്തത്.
പരുക്കേറ്റ ഭുവനേശ്വറിന് പകരം മുഹമ്മദ് ഷമിയെ ടീമിലെടുത്തു. എന്നാല്‍ മോശം പ്രകടനം കാഴ്ചവച്ചിട്ടും വിജയ് ശങ്കറിനെ ടീമില്‍ നിന്നും മാറ്റി പകരം മറ്റാരെയെങ്കിലും ഇറക്കാത്തതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. ഇതിനെയാണ് കെ.പി പരിഹസിച്ചിരിക്കുന്നത്. പലരേയും പോലെ കെ.പിയുടേയും അഭിപ്രായം ഋഷഭ് പന്തിനെ കളിപ്പിക്കണം എന്നത് തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയ് ശങ്കറിനെ മാറ്റരുതെന്നും നാളെ ഇന്ത്യയെ ജയിപ്പിക്കുമെന്നും പീറ്റേഴ്സണ് പരിഹാസ രൂപേണ പറയുന്നു.
”പ്രിയപ്പെട്ട വിരാട് ആൻഡ് രവി, അവന് നാളെ നിങ്ങളെ ജയിപ്പിക്കും. പന്തിനെ പറ്റി ചിന്തിക്കുകയേ അരുത്. അവന് ഇനി മൂന്ന് ആഴ്ചയെങ്കിലും വേണം തയ്യാറാകാന്‍, എന്നാലെ ലോകകപ്പ് ടീമില്‍ കളിക്കാനാകൂ” എന്നായിരുന്നു പീറ്റേഴ്സണിന്റെ ട്വീറ്റ്.