ക്രിക്കറ്റിൽ ബാറ്റ് കൈയ്യിലെടുക്കുമ്പോഴെല്ലാം റെക്കോർഡുകൾ തിരുത്തുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. റൺസ് കണ്ടെത്തുന്നതുപോലെ വിരാടിന് പ്രധാനമാണ് റെക്കോർഡ് തിരുത്തലുകളും. ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിലും അർധസെഞ്ചുറി നേടി ഇന്ത്യൻ നായകൻ പുതിയ ചരിത്രമെഴുതി.

ലോകകപ്പിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ 50ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമായാണ് കോഹ്‌ലി മാറിയത്. കഴിഞ്ഞ ലോകകപ്പിൽ തുർച്ചയായി അഞ്ച് തവണ അർധസെഞ്ചുറി തികച്ച് മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഏകതാരം.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 18 റൺസ് മാത്രം നേടിയ കോഹ്‌ലി രണ്ടാം മത്സരം മുതൽ ഇന്ത്യയുടെ ഓരോ വിജയത്തിലും നിർണായക പങ്കാളിയായത് അർധസെഞ്ചുറി പ്രകടനത്തിലൂടെയാണ്. ഓസ്ട്രേലിയക്കെതിരെ 82 റൺസ് നേടിയ താരം പാക്കിസ്ഥാനെതിരെ 77 റൺസും സ്വന്തമാക്കി.അഫ്ഗാനിസ്ഥാനെതിരെ 67 റൺസും വെസ്റ്റ് ഇൻഡീസിനെതിരെ 72 റൺസുമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ 66 റൺസ് ടീം സ്കോറിൽ കൂട്ടിച്ചേർത്ത ശേഷമാണ് താരം ക്രീസ് വിട്ടത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബോളർ മുഹമ്മദ് ഷമിയും റെക്കോർഡ് പ്രകടനം പുറത്തെടുത്തിരുന്നു. ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതില്‍ കൂടുലോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം താരമായാണ് ഷമി മാറിയത്. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ലോകകപ്പിൽ ഈ നേട്ടം കൈവരിച്ചത്. ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ഏറ്റവും ഒടുവിൽ ഇംഗ്ലണ്ടിനെതിരെയുമാണ് മുഹമ്മദ് ഷമി നാല് വിക്കറ്റ് നേട്ടം കൊയ്തത്.

ഏകദിന ക്രിക്കറ്റിൽ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതില്‍ കൂടുതലോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബോളറെന്ന നേട്ടവും ഷമി പേരിലായിരിക്കും. 1988ൽ നരേന്ദ്ര ഹിര്‍വാനിയാണ് ഷമിക്ക് മുമ്പ് ഏകദിനത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം.

ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടേയും രണ്ടാം പകുതിയില്‍ അടിച്ചു തകര്‍ത്ത ബെന്‍ സ്റ്റോക്‌സിന്റേയും പ്രകടനത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ്. അഞ്ച് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook