ബര്‍മിങ്ഹാം: പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ കളിക്കളത്തിലെ താരങ്ങളേക്കാള്‍ തിളങ്ങിയത് ഗ്യാലറിയില്‍ ഇരുന്ന ചാരുലത പട്ടേലെന്ന 87 കാരിയാണ്. സോഷ്യല്‍ മീഡിയ ഈ മുത്തശിയുടെ ചിത്രവും വീഡിയോയുമൊക്കെ ഏറ്റെടുത്തതോടെ മത്സര ശേഷം വിരാടും രോഹിത്തും അവരെ കാണാനെത്തിയിരുന്നു.

ചാരുലത പട്ടേലിനൊപ്പമുള്ള ചിത്രം കോഹ്‌ലി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സൂപ്പര്‍ഫാന്‍ ദാദിയോട് ഇനിയുള്ള ഇന്ത്യയുടെ മത്സരങ്ങളും കാണാനെത്തണമെന്ന് വിരാട് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പക്കല്‍ ടിക്കറ്റില്ലെന്ന് അവര്‍ അറിയിച്ചു. ഇതോടെ ടിക്കറ്റ് താന്‍ നല്‍കാമെന്ന് വിരാട് ഉറപ്പ് നല്‍കി. ആ വാക്ക് ഇന്ത്യന്‍ നായകന്‍ പാലിച്ചിരിക്കുകയാണ്.

”അദ്ദേഹം മുത്തശിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞത് ഇനിയുള്ള മത്സരങ്ങള്‍ക്കും വരണമെന്നായിരുന്നു. പക്ഷെ മോനേ, എന്റേ കൈയ്യിൽ ടിക്കിറ്റില്ലെന്ന് അവര്‍ പറഞ്ഞു. അതിന് വിരാട് നല്‍കിയ മറുപടി, പേടിക്കണ്ട. ഞാന്‍ ടിക്കറ്റ് ശരിയാക്കാം എന്നായിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു” ചാരുലത പട്ടേലിന്റെ കൊച്ചുമകള്‍ പറയുന്നു.

”ഇപ്പോള്‍ ഞങ്ങളുടെ കൈയ്യില്‍ ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുണ്ട്. ശ്രീലങ്കയ്‌ക്കെതിരായതിന്റേയും സെമിയുടേയും എന്തിന് ഫൈനലിന്റെ വരെ. കുറച്ച് കൂടെ ടിക്കറ്റുകള്‍ ചോദിച്ചിരുന്നുവെങ്കിലും സാധിച്ചില്ല” അവര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook