സതാംപ്ടണ്‍: നായകനെന്ന നിലയില്‍ വിരാട് കോഹ്‌ലിയ്ക്ക് ഇത് ആദ്യ ലോകകപ്പാണ്. ലോകകപ്പ് മാത്രമല്ല നായകനെന്ന നിലയില്‍ വിരാടിന്റെ ആദ്യ വലിയ ഐസിസി ടൂര്‍ണമെന്റു കൂടിയാണ് ലോകകപ്പ്. നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാടിന് പകരം രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യയെ നയിച്ചത്. അതിനാല്‍ താരമെന്ന നിലയിലും നായകനെന്ന നിലയിലും വിരാടിനെ അളക്കുന്നതാകും ഈ ലോകകപ്പ്.

ലോകകപ്പിലേക്ക് എത്തുമ്പോള്‍ വിരാട് കോഹ് ലിയുടെ രസകരമായൊരു റെക്കോര്‍ഡുണ്ട്. ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ അപൂര്‍വ്വ റെക്കോര്‍ഡ്. തന്റെ മൂന്നാം ലോകകപ്പ് ആണ് വിരാട് കളിക്കുന്നത്. 2011 ല്‍ ഇന്ത്യ കപ്പുയര്‍ത്തിയ ലോകകപ്പിലും കഴിഞ്ഞ ലോകകപ്പിലും ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു വിരാട്. രണ്ട് ലോകകപ്പുകളിലും ആദ്യ കളിയില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്നതാണ് രസകരമായൊരു വസ്തുത.

Read More: ഹിറ്റ്മാനെ കാത്ത് ചരിത്രം തൊട്ടകലെ; ഇന്ന് തിളങ്ങിയാല്‍ രോഹിത് ശര്‍മ്മ ഇതിഹാസ പട്ടികയില്‍

2011 ല്‍ ബംഗ്ലാദേശിനെതിരെ 100 റണ്‍സ് നേടിയപ്പോള്‍ 2015 ലെ കളിയില്‍ എതിരാളികള്‍ പാക്കിസ്ഥാനായിരുന്നു. ആ മത്സരം ഇന്ത്യ ജയിച്ചത് കോഹ്ലിയുടെ 107 റണ്‍സിന്റെ മികവിലായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ സെഞ്ചുറി നേടിയ അപൂര്‍വ്വമായൊരു ഹാട്രിക്ക് നേട്ടം കുറിക്കാന്‍ കോഹ്‌ലിയ്ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.

അതേസമയം, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തിട്ടുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പോര്‍ട്ടിയാസിന് ഓപ്പണര്‍മാരെ നഷ്ടമായിട്ടുണ്ട്. നായകന്‍ ഡുപ്ലെസിസിന്റെ മികവില്‍ ടീം പതിയെ തിരികെ വരുന്നതാണ് കാണുന്നത്.

ഇന്ത്യയെ സംബന്ധിച്ച് നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് ബാറ്റിങ്ങിലെ കരുത്ത്. അതേസമയം, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്‍കുന്ന തുടക്കം അനുസരിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ട് പോക്ക്. ഇന്ത്യ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് നാലാം നമ്പറില്‍ ആരിറങ്ങും എന്നതിനെ ചൊല്ലിയായിരുന്നു. പക്ഷെ സന്നാഹ മത്സരത്തിലെ പ്രകടനത്തിലൂടെ കെഎല്‍ രാഹുല്‍ ആ സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook