സതാംപ്ടൺ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിക്ക് പിഴ. ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അനാവശ്യമായി അപ്പീൽ ചെയ്തതിനാണ് നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയടക്കേണ്ടത്.

ശനിയാഴ്ച്ച അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്‍റെ 29ാം ഓവറിലാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. ജസ്പ്രീത് ബുംറയുടെ ബോളിൽ അഫ്ഗാൻ ബാറ്റ്സ്മാൻ റഹ്മത്ത് ഷാക്കെതിരായ എൽ.ബി.ഡബ്യു അപ്പീലാണ് വിനയായത്. അംപയർ അലീം ദാറിന് നേരെ വിക്കറ്റ് അനുവദിക്കാനായി കോഹ് ലി കൂടുതൽ നേരം അപ്പീൽ ചെയ്യുകയായിരുന്നു. ഐസിസിയുടെ ചട്ടം ലെവല്‍ 1ലംഘിച്ചതിനാണ് നടപടി. ഐസിസി ചട്ടം ആര്‍ട്ടിക്കിള്‍ 2.1 പ്രകാരം ‘കൂടുതല്‍ നേരം അപ്പീല് ചെയ്യുന്നത്’ കുറ്റകരമാണ്.

Read More: ആശാന്മാരെ വെല്ലുവിളിച്ച് അഫ്ഗാന്‍ വീര്യം; എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

കളിക്കിടെയുണ്ടായ തന്‍റെ മോശം പെരുമാറ്റം കോഹ് ലി അംഗീകരിച്ചിട്ടുണ്ട്. ‘കോഹ്ലി കുറ്റം സമ്മതിച്ചിട്ടുണ്ട്. മാച്ച് റഫറി ക്രിസ് ബോര്ഡ് നിര്‍ദേശിച്ച അച്ചടക്ക നടപടിയും അംഗീകരിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഇതില്‍ ഔദ്യോഗികമായ വാദം കേള്‍ക്കേണ്ടതില്ല,’ ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

പിഴയോടൊപ്പം ഐ.സി.സിയുടെ ഡീമെരിറ്റ് പോയിൻറും ലഭിക്കും. കഴിഞ്ഞ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ കളിയിലും കോഹ് ലിക്ക് ഡീമെരിറ്റ് പോയിൻറ് ലഭിച്ചിരുന്നു. ഐ.സി.സി നിയമപ്രകാരം 24 മാസത്തിനിടെ നാലോ അതിലധികമോ ഡീമെരിറ്റ് പോയിൻറ് ലഭിക്കുന്ന കളിക്കാരനെ മത്സരങ്ങളിൽനിന്ന് വിലക്കാനാകും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook