പരുക്കുമൂലം ലോകകപ്പ് ടീമിൽനിന്നും പുറത്തായ തന്റെ ആത്മ സുഹൃത്തിനെക്കുറിച്ചോർത്ത് വികാരാധീനനായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിനു മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് കോഹ്‌ലി തന്റെ സുഹൃത്തായ ഡെയ്ൽ സ്റ്റെയ്നിനെക്കുറിച്ച് സംസാരിച്ചത്.

ചുമലിലെ പരുക്കു ഭേദമാകാത്തതിനാൽ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ ലോകകപ്പ് ടീമിൽനിന്നും പുറത്തായിരുന്നു. ഇടം കൈയ്യൻ മീഡിയം പേസറായ ബുറൻ ഹെൻഡ്രിക്സിനെയാണ് സ്റ്റെയ്നിനു പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്.

Read: കാത്തിരിപ്പിന് അവസാനം, ഇന്ത്യ ഇന്നിറങ്ങുന്നു; എതിരാളികള്‍ ‘പരുക്കേറ്റ’ ദക്ഷിണാഫ്രിക്ക

”ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ചോർത്ത് അവൻ വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പരുക്കുമൂലം അവന് ലോകകപ്പ് മത്സരങ്ങൾ കളിക്കാനാവില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ ഏറെ വിഷമിച്ചു. കാരണം ഏറെ വർഷമായി ഞങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണ്. പ്രചോദനം പകരുന്ന വ്യക്തിയാണ് അവൻ. ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങി വരാൻ കഴിഞ്ഞതിൽ അവൻ ഏറെ സന്തോഷിച്ചു. ക്രിക്കറ്റ് അവനൊരു പാഷനാണ്. പരുക്ക് മൂലം കളിക്കാനാവാത്തതിൽ അവന് നിരാശയുണ്ടാകും. അതെനിക്ക് മനസിലാക്കാൻ കഴിയും,” കോഹ്‌ലി പറഞ്ഞു. സ്റ്റെയ്നിന്റെ പരുക്ക് പെട്ടെന്ന് തന്നെ ഭേദമാകട്ടെയെന്നും കോഹ്‌ലി ആശംസിച്ചു.

ഐപിഎൽ മത്സരത്തിനിടെയാണ് ഡെയ്ൽ സ്റ്റെയ്നിന്റെ തോളിനു പരുക്കേൽക്കുന്നത്. ഐപിഎല്ലിൽ വിരാട് കോഹ്‌ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സ്റ്റെയ്ൻ. ഐപിഎല്ലിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് സ്റ്റെയ്ൻ കളിച്ചത്.

ഐപിഎൽ മത്സരം മൂലമാണ് സ്റ്റെയ്നിനു ലോകകപ്പിൽ കളിക്കാൻ കഴിയാതെ പോയതെന്ന് കുറ്റപ്പെടുത്തി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡു പ്ലെസിസ് രംഗത്തുവന്നിരുന്നു. ഐപിഎല്ലിലെ രണ്ടു മത്സരങ്ങൾ കളിച്ചതാണ് സ്റ്റെയ്നിനു പരുക്കേൽക്കാൻ ഇടയാക്കിയത്. ഐപിഎല്ലിൽ കളിക്കാതിരുന്നെങ്കിൽ കാര്യങ്ങൾ ഇപ്പോൾ സ്റ്റെയ്നിനു അനുകൂലമായി മാറുമായിരുന്നുവെന്നും ഡു പ്ലെസിസ് പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ രണ്ട് കളികളും തോറ്റ് ആത്മവിശ്വസം തകര്‍ന്നിരിക്കുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ലോകകപ്പ് നേടുമെന്ന് മിക്കവരും വിശ്വസിക്കുന്ന ഇന്ത്യയ്ക്ക് ജയത്തോടെ ടൂര്‍ണമെന്റിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook