ലണ്ടന്‍: ഇത്തവണ ലോകകപ്പുയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. എന്നാല്‍ കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തിന് മുമ്പ് പരിശീലനം ശക്തമാക്കുകയാണ് വിരാടും സംഘവും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ് വിരാട് കോഹ്‌ലി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് ബാറ്റിങ്ങില്‍ മാത്രം പരിശീലനം നടത്തിയാല്‍ മതിയെന്ന ചിന്ത വിരാടിനില്ല. ബോളിങ്ങിലും പരിശീലനം നടത്തുന്നുണ്ട് ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍. സതാംപ്ടണില്‍ പരിശീലനത്തിനിടെ ബോളിങ്ങിലും ഒരുകൈ നോക്കുന്ന വിരാടിന്റെ വീഡിയോ ബിസിസിഐയാണ് പുറത്ത് വിട്ടിരിക്കുന്നത്.

പന്തെറിയുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പന്തെറിയുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വേണമെങ്കില്‍ കോഹ്‌ലിയെ ബോളിങ് ഓപ്ഷനായി ഉപയോഗിക്കാമെന്ന് പറയുന്നവരുമുണ്ട്. അതേസമയം, ബോളിങ് കോഹ്‌ലിയ്ക്ക് പുത്തിരിയല്ല. ഇന്ത്യയ്ക്കായി തുടക്കകാലത്ത് വിരാട് പന്തെറിഞ്ഞിട്ടുണ്ട്. 48 മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും നാല് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്.

ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സതംപ്ടണിലെ ഹാംപ്ഷൈർ ബൗൾ സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്കക്കെതിരെ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം അംഗങ്ങളും ആരാധകരും.

സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ തോൽവി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്ത് കാട്ടാൻ ഇന്ത്യൻ സംഘത്തിനായി.

രാഹുലിന്റെയും മുൻനായകൻ ധോണിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ 360 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിലൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 359 റൺസിലെത്തിയത്. 99 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. 78 പന്തുകളില്‍ നിന്നും 113 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ധോണി കഴിഞ്ഞ ദിവസം പുറത്തെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook