ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച ഇന്ത്യൻ ആരാധർക്കുവേണ്ടി ക്ഷമ ചോദിച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ ആരാധകരുടെ മോശം പ്രവൃത്തിയിൽ കോഹ്‌ലി ഓസീസ് താരത്തോട് ക്ഷമ ചോദിച്ചത്. ലോകത്തിനു മുന്നിൽ തന്റെ രാജ്യത്തെ ആരാധകർ ഒരിക്കലും മോശമായി ചിത്രീകരിക്കപ്പെടാൻ പാടില്ലെന്നും കോഹ്‌ലി പറഞ്ഞു.

”കഴിഞ്ഞതൊക്കെ കഴിഞ്ഞു, സ്മിത്ത് ഇപ്പോൾ കഠിനമായി അധ്വാനിക്കുന്നുണ്ട്. ഓസ്ട്രേലിയയ്ക്കുവേണ്ടി മികച്ച രീതിയിൽ കളിക്കുന്നുമുണ്ട്. സ്മിത്തിനെ ഇനിയും അത്തരത്തിൽ മോശപ്പെട്ട രീതിയിൽ പരിഗണിക്കുന്നത് ശരിയല്ല. ഇവിടെ ഒരുപാട് ഇന്ത്യൻ ആരാധകരുണ്ട്. അവരെ മോശമായി ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്മിത്തിനെ പരിഹസിക്കാൻ മാത്രം അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. സംഭവിച്ചത് തെറ്റാണെന്ന് മനസിലാക്കി അത് ഉൾക്കൊളളുകയും ക്ഷമ ചോദിക്കുകയും ചെയ്തശേഷവും ഇത്തരത്തിൽ പരിഹാസം നേരിട്ടാൽ അവന്റെ സ്ഥാനത്ത് ഞാനാണെങ്കിലും വിഷമം ഉണ്ടാകും,” കോഹ്‌ലി പറഞ്ഞു.

ഇന്ത്യൻ ഇന്നിങ്സിൽ മൈതാനത്ത് തേർഡ് മാനിൽ ഫീൾഡ് ചെയ്യുമ്പോഴായിരുന്നു സ്റ്റീവ് സ്മിത്തിന് നേരെ പരിഹാസവുമായി ഇന്ത്യൻ ആരാധകർ രംഗത്തെത്തിയത്. ചതിയൻ.. ചതിയൻ…എന്ന് ഉറക്കെ വിളിച്ച് കൊണ്ടായിരുന്നു ആരാധകരുടെ പരിഹാസം. എന്നാൽ ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഇത് അത്ര രസിച്ചില്ല. മുന്നോട്ട് വന്ന് സ്മിത്തിന് വേണ്ടി കൈയ്യടിക്കാൻ ആരാധകരോട് വിരാട് കോഹ്‌ലി ആവശ്യപ്പെട്ടു.

Read Also: ‘കൈയ്യടിക്കടാ…കൈയ്യടിക്കടാ…’; സ്മിത്തിന് നേരെ കൂവിയ ആരാധകരോട് കോഹ്‌ലി

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷം വിലക്ക് നേരിട്ട മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും ലോകകപ്പ് ടീമിലൂടെ രാജ്യന്തര ക്രിക്കറ്റിൽ മടങ്ങിവരവ് നടത്തിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് ആരാധകർ കൂവിയാണ് ഓസിസ് താരത്തെ വരവേറ്റത്. അതിന് സെഞ്ചുറിയിലൂടെ മറുപടി നൽകി സ്മിത്ത് വാർത്തയിൽ ഇടംപിടിച്ചിരുന്നു. വാർണർക്കും സമാന അനുഭവങ്ങൾ ഇതിനോടകം ലോകകപ്പ് വേദിയിൽ നേരിടേണ്ടി വന്ന് കഴിഞ്ഞു.

Ind vs Aus, ICC World Cup 2019: കങ്കാരുപ്പടയുടെ നടുവൊടിച്ച് ഇന്ത്യ; ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം

ഇന്നലെ ഓസ്ട്രേലിയയെ വീഴ്ത്തി ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം ജയം നേടിയിരുന്നു. ഏറ്റവും വാശിയേറിയ മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപടയ്ക്ക് നിശ്ചിത ഓവറിൽ 316 റൺസെടുക്കാനെ സാധിച്ചുള്ളു. നേരത്തെ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook