ലോര്‍ഡ്‌സ്: ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഫീല്‍ഡിങ്ങില്‍ ഒഴപ്പിയ ഇന്ത്യന്‍ ബോളര്‍മാരായ മുഹമ്മദ് ഷമിയോടും യുസ്വേന്ദ്ര ചാഹലിനോടും ചൂടാവുന്ന കോഹ്ലിയുടെ വീഡിയോ വൈറലാവുകയാണ്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 27-ാം ഓവറിലായിരുന്നു സംഭവം.

ഭുവനേശ്വര്‍ കുമാറായിരുന്നു പന്തെറിഞ്ഞത്. ലിറ്റണ്‍ ദാസ് മിഡ് ഓഫിലേക്ക് പന്തടിച്ചകറ്റി. പന്തെടുത്ത ബുംറ ഡയറക്ട് ഹിറ്റിന് ശ്രമിച്ചെങ്കിലും സ്റ്റമ്പ് മിസ് ആയി. പന്ത് തേര്‍ഡ് മാനിലേക്ക്. ഷമിയും ചാഹലുമായിരുന്നു അവിടെ ഫീല്‍ഡ് ചെയ്തിരുന്നത്. അലസമായി കളിച്ച ഷമിയ്ക്ക് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. ഈ സാഹചര്യം മുതലെടുത്ത് ബംഗ്ലാദേശ് താരങ്ങള്‍ ഒരു സിംഗിള്‍ കൂടി ഓടിയെടുത്തു.

ഷമിയുടെ അലസതയില്‍ അരിശം മൂത്ത കോഹ്ലി ഇന്ത്യന്‍ പേസറെ അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. അസഭ്യത്തോടൊപ്പം നീയെന്താ അവിടെ കിടന്നുറങ്ങുകയാണോ എന്നും വിരാട് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. ഭാഗ്യവശാല്‍ ആ അധിക റണ്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. 28 റണ്‍സിനായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകളായിരിക്കും സെമിയിലെത്തുക. പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തില്‍ അത്ഭുതം സംഭവിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയിലെത്താന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ പട്ടിക പ്രകാരം ഇംഗ്ലണ്ടായിരിക്കും സെമിയില്‍ മിക്കവാറും ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയെ തോല്‍പ്പിച്ച ബര്‍മിങ്ഹാം തമ്മില്‍ തന്നെയായിരിക്കും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലള്ള സെമി പോരാട്ടവും. അതേസമയം, ഇന്ത്യ അവസാന മത്സരത്തില്‍ ശ്രീലങ്കയേയും ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയേയും പരാജയപ്പെടുത്തിയാല്‍ ഇംഗ്ലണ്ടിന് സെമിയില്‍ നേരിടേണ്ടി വരിക ഓസ്‌ട്രേലിയയെ ആയിരിക്കും. അപ്പോള്‍ ഇന്ത്യയും ന്യൂസിലന്‍ഡും സെമയില്‍ ഏറ്റുമുട്ടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook