ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും കരിയറിൽ മറ്റൊരു നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. പുതിയ കലണ്ടർ വർഷത്തിൽ 1000 റൺസ് പിന്നിട്ടിരിക്കുകയാണ് വിരാട് കോഹ്‌ലി. 2019ൽ 18 മത്സരങ്ങളിൽ നിന്നുമാണ് കോഹ്‌ലി 1000 റൺസ് പിന്നിട്ടത്.

ബെർമിങ്ഹാമിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 26 റൺസായിരുന്നു ഇന്ത്യൻ നായകന്റെ സമ്പാദ്യം. ഇതോടെ കോഹ്‌ലിയുടെ അക്കൗണ്ടിലാകെ 1016 റൺസായി. 95.13 പ്രഹരശേഷിയിൽ ബാറ്റ് വീശിയ കോഹ്‌ലി 59.76 ശരാശരയിലാണ് 1000 തികച്ചത്.

ഈ കലണ്ടർ വർഷം 1000 റൺസ് തികയ്ക്കുന്ന നാലാമത്തെ താരമാണ് കോഹ്‌ലി. പട്ടികയിൽ മുന്നിൽ ഓസിസ് നായകൻ ആരോൺ ഫിഞ്ചാണ്. 1138 റൺസാണ് ഫിഞ്ചിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ അക്കൗണ്ടിൽ 1100 റൺസും ഓസ്ട്രേലിയയുടെ തന്നെ ഉസ്മാൻ ഖ്വാജ 1067 റൺസുമായി മൂന്നാം സ്ഥാനത്തുമാണ്.

1000 റൺസ് തികച്ച താരങ്ങളിൽ ഏറ്റവും ഉയർന്ന ശരാശരി വിരാട് കോഹ്‌ലിയുടേത് തന്നെയാണ്. ഈ ലോകകപ്പിൽ തുടർച്ചയായി അഞ്ച് അർധസെഞ്ചുറികൾ നേടിയ താരം ബംഗ്ലാദേശിനെതിരെ നിറംമങ്ങുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെയും ഇംഗ്ലണ്ടിനെതിരെയും മറ്റ് താരങ്ങൾ പരാജയപ്പെട്ടപ്പോൾ ക്രീസിൽ നിലയുറപ്പിച്ച താരം ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 18 റൺസ് മാത്രം നേടിയ കോഹ്‌ലി രണ്ടാം മത്സരം മുതൽ ഇന്ത്യയുടെ ഓരോ വിജയത്തിലും നിർണായക പങ്കാളിയായത് അർധസെഞ്ചുറി പ്രകടനത്തിലൂടെയാണ്. ഓസ്ട്രേലിയക്കെതിരെ 82 റൺസ് നേടിയ താരം പാക്കിസ്ഥാനെതിരെ 77 റൺസും സ്വന്തമാക്കി.അഫ്ഗാനിസ്ഥാനെതിരെ 67 റൺസും വെസ്റ്റ് ഇൻഡീസിനെതിരെ 72 റൺസുമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ 66 റൺസ് ടീം സ്കോറിൽ കൂട്ടിച്ചേർത്ത ശേഷമാണ് താരം ക്രീസ് വിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook