സതാംപ്ടണ്‍: പരിശീലനത്തിനിടെ ജസപ്രീത് ബുംറയുടെ യോര്‍ക്കര്‍ കൊണ്ട് വിജയ് ശങ്കറിന്റെ കാലിന് പരുക്കേറ്റിരുന്നു. എന്നാല്‍ പരുക്ക് ഗുരുതരമല്ല. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിജയ് ശങ്കര്‍ പ്ലെയിങ് ഇലവനിലുണ്ട്.

അഫ്ഗാനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി റാഷിദ് ഖാന്‍ എന്ന സ്പിന്നറാണ്. പക്ഷെ റാഷിദിനെ തനിക്ക് പേടിയില്ലെന്നാണ് വിജയ് ശങ്കര്‍ പറയുന്നത്. ലോകകപ്പില്‍ ഇതുവരെ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ റാഷിദിന് സാധിച്ചിട്ടില്ലെങ്കിലും താരത്തെ അത്ര എളുപ്പം എഴുതിത്തള്ളാനാകില്ല. രണ്ട് പേരും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളാണ് എന്നതാണ് വിജയ് ശങ്കറിന് ആത്മവിശ്വാസം പകരുന്നത്.

”റാഷിദ് ഇന്ന് കളിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാളാണ്. സണ്‍റൈസേഴ്‌സില്‍ ഒന്നിച്ച് കളിച്ചിട്ടുള്ള സ്ഥിതിയ്ക്ക് അവനില്‍ നിന്നും പഠിക്കാന്‍ എനിക്ക് സാധിക്കണം. നെറ്റ്‌സില്‍ അവനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ അവന്റെ വേരിയേഷനുകള്‍ പഠിക്കാന്‍ കുറേയൊക്കെ സാധിച്ചിട്ടുണ്ട്” വിജയ് ശങ്കര്‍ പറയുന്നു.

അതേസമയം, ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് തിരിച്ചടി. സ്‌കോര്‍ രണ്ടക്കം കടക്കുന്നതിന് മുമ്പ് രോഹിത് പുറത്ത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഇന്ത്യ അഫ്ഗാനെ നേരിടാനിറങ്ങുന്നത്. പരിക്കേറ്റ് ഭുവനേശ്വര്‍ കുമാറിന് പകരം ഇന്ത്യന്‍ ബോളിങ്ങിന് മൂര്‍ച്ച കൂട്ടാന്‍ എത്തിയിരിക്കുന്നത് മുഹമ്മദ് ഷമിയാണ്.

ഈ ലോകകപ്പില്‍ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് അത്ര വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കിലും മത്സരം ഇന്ത്യ ചെറുതാക്കി കാണുന്നില്ല. എല്ലാ ടീമുകള്‍ക്കും എതിരായ മത്സരങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടീം ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം ആരംഭിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook