ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ ഫ്രാൻസിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ യുഎസ് സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുഎസിന്റെ ജയം. ടീമിന്റെ സൂപ്പര്‍ താരവും കോ-ക്യാപ്റ്റുമായ മേഗൻ റാപിനോയിയുടെ ഇരട്ട ഗോളുകളാണ് യുഎസിന് ജയം ഒരുക്കിയത്.

കരുത്തരായ രണ്ട് ടീമുകൾ നേർക്കുനേർ വന്നപ്പോൾ ആരാധകർ പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു യുഎസ് – ഫ്രാൻസ് പോരാട്ടം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈയ്യടക്കി വയ്ക്കുന്നതിൽ ഫ്രാൻസ് വിജയിച്ചപ്പോൾ ഗോളിലൂടെ അമേരിക്ക ജയം കണ്ടെത്തുകയായിരുന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മേഗൻ റാപിനോയി അമേരിക്കയെ മുന്നിലെത്തിച്ചു. ഒപ്പമെത്താനുള്ള ഫ്രാൻസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ആദ്യ പകുതിയിൽ അമേരിക്ക ഒരു ഗോളിന്റെ ലീഡിൽ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും ആദ്യം വലചലിപ്പിച്ചത് അമേരിക്കയായിരുന്നു. മോഗൻ റാപിനോയ് 65-ാം മിനിറ്റിൽ നേടിയ ഗോളിൽ അമേരിക്ക സെമി ഉറപ്പിച്ചു. മത്സരത്തിന്റെ 81-ാം മിനിറ്റിലായിരുന്നു ഫ്രാൻസിന്റെ ഏക ഗോൾ. സൂപ്പർ താരം വെണ്ടി റെണാർഡാണ് ഫ്രാൻസിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ അമേരിക്ക തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഇനിയുള്ള രണ്ട് ജയങ്ങൾ ലോകകിരീടം ഒരിക്കൽ കൂടി അമേരിക്കൻ മണ്ണിലെത്തിക്കും.

സെമിയിൽ ഇംഗ്ലണ്ടാണ് അമേരിക്കയുടെ എതിരാളികൾ. ജൂലൈ മൂന്നിനാണ് ഇംഗ്ലണ്ട് – അമേരിക്ക ആദ്യ സെമി. നോര്‍വെയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ടിന്റെ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് സെമി പ്രവേശനം. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ഇംഗ്ലണ്ട് സെമിയിലെത്തുന്നത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് നോര്‍വെയ്ക്ക് ആദ്യ അടി നല്‍കി. ജില്‍ സ്‌കോട്ടിന്റെ ഗോളില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഇംഗ്ലണ്ട് രണ്ടാം ഗോളും കണ്ടെത്തി. എലന്‍ വൈറ്റിന്റെ വകയായിരുന്നു ഗോള്‍. ഇതോടെ വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററുമായി അവര്‍ മാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook