ലണ്ടന്‍: സെഞ്ചുറി നേടിയിട്ടും പാക് ആരാധകരുടെ കൈയ്യടികള്‍ക്ക് പകരം ഇമാം ഉള്‍ ഹഖിന് ലഭിക്കുന്നത് ചീത്ത വിളികളാണ്. ക്രിക്കറ്റ് ആരാധകരുടേത് മാത്രമല്ല മുന്‍ താരങ്ങളും പാക്കിസ്ഥാന്റെ ഇന്നത്തെ പ്രകടനത്തില്‍ സന്തുഷ്ടരല്ല. ജയിക്കാന്‍ 600 ല്‍ പരം റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നിരിക്കെ വേഗത്തില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തേണ്ടതിന് പകരം വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച ഇമാമിനെതിരെ ആരാധകര്‍ തിരിഞ്ഞിരിക്കുകയാണ്.

ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സെഞ്ചുറിയും ബാബര്‍ അസമിന്റെ അര്‍ധ സെഞ്ചുറിയുമാണ് പാക്കിസ്ഥാന്റെ സ്‌കോര്‍ 315 ലെത്തിച്ചത്. എന്നാല്‍ ഇരുവരും പുറത്തായതോടെ പാക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. 100 പന്തുകളില്‍ നിന്നും 100 റണ്‍സാണ് ഇമാം നേടിയത്. ഇമാമിനെ പോലെ തന്നെ ടീമിന്റെ മൊത്തം പ്രകടനത്തിലെ മെല്ലെപ്പോക്കിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.

സെഞ്ചുറി നേടി തൊട്ടടുത്ത പന്തിലാണ് ഇമാം പുറത്താകുന്നത്. അതും സ്വന്തം പിഴവു കൊണ്ട്. പാക്കിസ്ഥാന്‍ ഇന്നിങ്‌സ് 42-ാം ഓവറിലെത്തി നില്‍ക്കെയായിരുന്നു സംഭവം. ആ ഓവറിലെ അഞ്ചാം പന്തില്‍ സെഞ്ചുറി നേടിയതേയുണ്ടായിരുന്നു ഇമാം. ഗ്യാലറിയിലെ കൈയ്യടികള്‍ അവസാനിക്കും മുമ്പ്, തൊട്ടടുത്ത പന്ത് നേരിടുന്നതിനിടെ ഇമാം പിന്നോട്ട് വച്ച കാല്‍ സ്റ്റമ്പില്‍ കൊണ്ടു. മുസ്തഫിസൂര്‍ റഹ്മാന്റെ പന്തിലാണ് ഇമാം ഹിറ്റ് വിക്കറ്റാകുന്നത്. 100 റണ്‍സുമായാണ് താരം മടങ്ങിയത്.

അതേസമയം, ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് 315 റണ്‍സ്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 315 റണ്‍സെടുത്തത്. സെമി പ്രവേശനം നേടണമെങ്കില്‍ 311 റണ്‍സിന്റെ വിജയം വേണം പാക്കിസ്ഥാന്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 315 റണ്‍സെടുക്കാനേ സാധിച്ചിട്ടുള്ളൂ. ഇതോടെ പാക്കിസ്ഥാന്റെ സെമി മോഹം അവസാനിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook