മാഞ്ചസ്റ്റര്‍: സെമിയില്‍ തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡിന് അഭിനന്ദനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സെമിയില്‍ 18 റണ്‍സിനായിരുന്നു ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ന്യൂസിലന്‍ഡ് ലോകകപ്പിന്റെ സെമിയിലെത്തി.
”ആദ്യ പകുതിയില്‍ ഞങ്ങള്‍ വളരെ നല്ല നിലയിലായിരുന്നു. ചെയ്‌സ് ചെയ്യാന്‍ പറ്റുന്ന സ്‌കോറില്‍ അവരെ ഒതുക്കിയെന്ന് കരുതിയിരുന്നു. എന്നാല്‍ അവര്‍ തിരിച്ചുവന്ന രീതിയാണ് വ്യത്യാസമുണ്ടാക്കിയത്. അവരുടെ കഴിവ് കാണാനുണ്ടായിരുന്നു. ” മത്സര ശേഷം കോഹ്ലി പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്കായി ശക്തമായ പോരാട്ടം കാഴ്ചവച്ച രവീന്ദ്ര ജഡേജയെ അഭിനന്ദിക്കാനും വിരാട് മറന്നില്ല. ”ജഡേജ നന്നായി കളിച്ചു. അവന്റെ പ്രകടനങ്ങള്‍ ടീമിന് പോസിറ്റീവാണ്. പക്ഷെ ന്യൂസിലന്‍ഡ് വിജയം അര്‍ഹിച്ചിരുന്നു. അവര്‍ ഞങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു” ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ചില ഷോട്ട് സെലക്ഷനുകള്‍ നന്നാക്കാമായിരുന്നുവെന്നും എന്നാല്‍ ടൂര്‍ണമെന്റിലുടനീളം ഇന്ത്യ പുറത്തെടുത്ത പ്രകടനം അഭിമാനിക്കുന്നാവുന്നതാണെന്നും വിരാട് പറഞ്ഞു. ”നോക്ക് ഔട്ടില്‍ ന്യൂസിലന്‍ഡ് ഞങ്ങളേക്കാള്‍ ധീരത കാണിച്ചു. അവര്‍ ജയം അര്‍ഹിച്ചിരുന്നു” വിരാട് പറഞ്ഞു.