ഇന്ത്യ ലോകകപ്പ് സെമിയുറപ്പിച്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താരങ്ങളുടെ പ്രകടനത്തോടൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയ ഒരു മുഖമുണ്ട്. ഇന്ത്യയുടെ ഓരോ മുന്നേറ്റവും ഗ്യാലറിയിൽ ആഘോഷമാക്കിയ 87കാരി ചാരുലത പട്ടേൽ. ഒരുപക്ഷെ ഇന്ത്യയുടെ വിജയം ഇത്രത്തോളം ആഗ്രഹിച്ച, ആഘോഷിച്ച ആരാധകർ വളരെ കുറവായിരിക്കും. മത്സര ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും മത്സരത്തിന്റെ താരം രോഹിത് ശർമ്മയെയും നേരിൽ കാണുകയും അനുഗ്രഹിക്കുകയും ചെയ്തു സൂപ്പർ ദാദി എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന ചാരുലത പട്ടേൽ.

താരങ്ങൾ തന്നെ സൂപ്പർ ദാദിയുമായുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകകയും ചെയ്തിട്ടുണ്ട്. “എല്ലാ ആരാധകർക്കും അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പ്രത്യേകിച്ച് ചാരുലത പട്ടേൽ ജിയോട്. 87 വയസുള്ള അവർ ഒരുപക്ഷെ ഞാൻ കണ്ടിരിക്കുന്ന ഒരുപാട് സമർപ്പണവും അഭിനേശവുമുള്ള ആരാധികയാണ്.” ഈ അടിക്കുറിപ്പോടു കൂടിയാണ് കോഹ്‌ലിയുടെ ട്വീറ്റ്.

പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ വീണിട്ടുണ്ടെങ്കിലും ആവേശത്തിനും ആഹ്ലാദത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ക്രിക്കറ്റ് അത്രത്തോളം ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ഇവർ. ചുങ്ങി ചുളുങ്ങിയ മുഖത്ത് ത്രിവർണ പതക വരച്ച് വെവുസ്വോല ഊതി കളിയുടെ ഓരോ നിമിഷവും ആഘോഷിച്ച ആ അമ്മൂമ്മ ആരാണെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. ഒടുവിൽ കണ്ടെത്തി, അടുത്തറിഞ്ഞപ്പോൾ ആൾ ഇന്ത്യയുടെ എക്കാലത്തെയും സ്‌പെഷ്യൽ ഫാനാണ്.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്മാർ 1983ൽ വിശ്വകിരീടം ഉയർത്തിയപ്പോൾ അന്ന് ഗ്യാലറിയിലുണ്ടായിരുന്ന ചാരുലത 36 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കാണാൻ എത്തിയിരിക്കുകയാണ്. ഇത്തവണയും ഇന്ത്യ കപ്പുയർത്തും എന്ന കാര്യത്തിൽ ഈ ആരാധികയ്ക്ക് സംശയം ഒന്നുമില്ല. ഇന്ത്യയ്ക്ക് വേണ്ടി ഗണേശ ഭഗവാനോട് പ്രാർഥിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും തന്റെ പ്രാർഥന ടീമിനുണ്ടാവുമെന്നും ചാരുലത പട്ടേല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook