മുംബൈ: ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ പുറത്താകല്‍ കോടിക്കണക്കിന് ഹൃദയങ്ങളെ ആണ് തകര്‍ത്തത്. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഇന്ത്യയുടെ പുറത്താക്കല്‍ കാരണം ഉണ്ടായിട്ടുണ്ട്. ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് ഇന്ത്യയുടെ പുറത്താക്കലുണ്ടാക്കിയിരിക്കുന്നത് 15 കോടിയോളം രൂപയുടെ നഷ്ടമാണെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതോടെ ടൂര്‍ണമെന്റിനോടുള്ള ആളുകളുടെ സമീപത്തിലും തണുപ്പാണെന്നും ഇത് ടിവി വ്യുവര്‍ഷിപ്പിപ്പിലും പരസ്യ വരുമാനത്തിലും ഇടിവുണ്ടാക്കിയിട്ടുണ്ടെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് തോറ്റാണ് ഇന്ത്യ സെമിയില്‍ പുറത്താകുന്നത്.
ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നുവെങ്കില്‍ 25 മുതല്‍ 30 ലക്ഷം വരെ പത്ത് സെക്കന്റിന് ഈടാക്കാന്‍ സ്റ്റാറിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴത് 15-17 ലക്ഷമാണ്. ”ഇന്ത്യയുടെ പുറത്താകല്‍ വിഷമമുണ്ടാക്കുന്നതാണൈങ്കിലും ഐപിഎല്ലും ലോകകപ്പുമൊക്കെയായി 100 ദിവസത്തില്‍ കൂടുതല്‍ ക്രിക്കറ്റ് ചര്‍ച്ചയായ നാളുകളാണിത്” മാര്‍ക്കറ്റിങ് രംഗത്തെ വിദഗ്ധനായ സന്ദീപ് ഗോയല്‍ പറയുന്നു.
സാധാരണയായി പരസ്യ സ്ലോട്ടുകള്‍ മൊത്തമായി വില്‍ക്കുന്നതാണ് സ്റ്റാറിന്റെ രീതി. എന്നാല്‍ അവസാന നിമിഷത്തേക്കായി ചില സ്ലോട്ടുകള്‍ മാറ്റി വെക്കും. ഇന്ത്യ പുറത്തായതോടെ ഈ സ്ലോട്ടിന് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് സ്റ്റാറിന് നഷ്ടമുണ്ടായിരിക്കുന്നത്. ലോകകപ്പില്‍ സാധാരണയായി 5500 സെക്കന്റാണ് പരസ്യത്തിനായി അനുവദിക്കുക. എന്നാല്‍ ഫൈനലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത് 7000 ആയി ഉയര്‍ത്താറുണ്ട്.
ലോകകപ്പില്‍ നിന്നും 1800 കോടിയുടെ വരുമാനമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആകെ നേടുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഐപിഎല്ലില്‍ നിന്നുമായി 2500 കോടിയുടെ വരുമാനമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നേടിയത്.