കാര്‍ഡിഫ്: ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. 10 വിക്കറ്റിനാണ് ന്യൂസിലന്‍ഡ് വിജയിച്ചത്. നായകന്‍ ദിമുത്ത് കരുണരത്‌നെ ഒഴികെ മറ്റാരും ലങ്കന്‍ നിരയില്‍ ചെറുത്തു നില്‍ക്കുക പോലും ചെയ്തില്ല. കിവികള്‍ക്കെതിരായ ഈ ഒറ്റയാള്‍ പോരാട്ടം ദിമുത്തിന് സമ്മാനിച്ചത് പുതിയൊറു റെക്കോര്‍ഡാണ്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഓപ്പണറായി ഇറങ്ങി ഇന്നിങ്‌സ് അവസാനിക്കും വരെ പുറത്താകെ നിന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ദിമുത്തിനെ തേടിയെത്തിയത്. 20 വര്‍ഷത്തിന് ശേഷമാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്. വിന്‍ഡീസിന്റെ റിഡ്‌ലി ജേക്കബ്‌സാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 1999 ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന റിഡ്‌ലി പുറത്താകാതെ നിന്നത്. അന്ന് 110 റണ്‍സുമായി വിന്‍ഡീസ് പുറത്തായി. കളി ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു.

ഇന്നലത്തെ മത്സരത്തോടെ പുതിയൊരു റെക്കോര്‍ഡും പിറന്നു. ഏകദിനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് ഓപ്പണര്‍മാര്‍ പുറത്താകാതെ നില്‍ക്കുന്നത് എന്നതാണ് ആ റെക്കോര്‍ഡ്.

Read More: ‘ഭാഗ്യത്തിന്റെ കരുണ’; ബോള്‍ട്ടിന്റെ പന്തില്‍ കരുണരത്നെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കരുണരത്‌നെ(52*), ഗപ്റ്റില്‍(73*), മണ്‍റോ(58*) എന്നിങ്ങനെയാണ് സ്‌കോര്‍. നേരത്തെ, 2009ല്‍ ന്യൂസീലന്‍ഡ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും ഇതുപോലെ മൂന്ന് ഓപ്പണര്‍മാരും പുറത്താകാതെ നിന്നിരുന്നു. എന്നാല്‍ അന്ന് മഴമൂലം രണ്ടാം ഇന്നിംഗ്‌സ് 10.3 ഓവര്‍ മാത്രമാണ് നീണ്ടുനിന്നത്. അതിനാല്‍ പൂര്‍ത്തിയായ ഒരു ഏകദിനത്തില്‍ മൂന്ന് ഓപ്പണര്‍മാരും പുറത്താകെ നിന്ന മത്സരം എന്ന റെക്കോര്‍ഡ് കാര്‍ഡിഫിലെ കളിക്ക് സ്വന്തം.

10 വിക്കറ്റിനാണ് കിവികളുടെ വിജയം. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയും അര്‍ധ സെഞ്ചുറിയോടെ പുറത്താകാതെ നിന്നു. 16.1 ഓവറിലാണ് ന്യൂസിലന്‍ഡ് വിജയ ലക്ഷ്യം മറി കടന്നത്.

ഗുപ്റ്റിലാണ് ടോപ്പ് സ്‌കോറര്‍. ഗുപ്റ്റില്‍ 51 പന്തില്‍ 73 റണ്‍സ് നേടി. ഇതില്‍ രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടും. മണ്‍റോ 58 റണ്‍സാണ് നേടിയത്. ആറ് ഫോറുകള്‍ അടിച്ച മണ്‍റോ ഒരു സിക്സും പറത്തി. അനായാസമായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ഇതോടെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിന് ആധികാരികമായ വിജയം സ്വന്തമാക്കാനായി. ശ്രീലങ്കയ്ക്ക് അടുത്ത മത്സരത്തില്‍ ജയത്തിലേക്ക് തിരികെ വരേണ്ടത് ഏറെ നിര്‍ണായകമായിരിക്കുകയാണ്.

Also Read: ലങ്കാദഹത്തിന് പത്തില്‍ പത്ത്; ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്

ശ്രീലങ്കയെ 136 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയ ബോളര്‍മാരാണ് ന്യൂസിലന്‍ഡിന്റെ യഥാര്‍ത്ഥ വിജയ ശില്‍പ്പികള്‍. നായകന്‍ ദിമുത്ത് കരുണരത്നെ മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്തു നിന്നത്. മുന്‍ നിര ബാറ്റ്സ്മാന്മാരെല്ലാം കാഴ്ച്ചക്കാരായി മടങ്ങിയ മത്സരം ശ്രീലങ്കയുടെ അവസാനിക്കാത്ത ദുരവസ്ഥ വെളിവാക്കുന്നതായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ കരുണരത്നെയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. നാല് ഫോറുകളടക്കം 84 പന്തില്‍ 52 റണ്‍സാണ് കരുണരത്നെ നേടിയത്. കരുണരത്നെയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ കാഴ്ച്ചക്കാര്‍ മാത്രമായിരുന്നു ഇന്ന്. കരുണരത്നെ പുറത്താകാതെ നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook