കാര്‍ഡിഫ്: മഴമൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്ക 201 ന് പുറത്ത്. 182-8 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്ക അതിവേഗം പുറത്താവുകയായിരുന്നു. ലസിത് മലിംഗയെ സാദ്രാനും നുവാന്‍ പ്രദീപിനെ റാഷിദ് ഖാനും പുറത്താക്കി ചടങ്ങ് പൂർത്തിയാക്കുകയായിരുന്നു. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 187 റണ്‍സായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ഇന്ന് ശ്രീലങ്കയുടെ തുടക്കം കണ്ടപ്പോള്‍ എല്ലാവരും കരുതി ശ്രീലങ്ക തിരിച്ചു വരുകയാണെന്ന്. പാക്കിസ്ഥാനെ പോലെ ശക്തമായി തിരിച്ചു വന്ന് തങ്ങളുടെ കരുത്ത് തെളിയിക്കുകയാണെന്ന്. പവര്‍ പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 79 റണ്‍സാണ് ശ്രീലങ്ക നേടിയത്. 2015 ഏപ്രിലിന് ശേഷം ആദ്യ ബാറ്റ് ചെയ്യവേയുള്ള പവര്‍ പ്ലേയിലെ ഏറ്റവും മികച്ച സ്‌കോറായിരുന്നു ഇത്.

30 റണ്‍സുമായി ഓപ്പണര്‍ ദിമുത്ത് കരുണരത്‌നെ പുറത്തായെങ്കിലും ശ്രീലങ്ക പതറിയില്ല. 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സുമായി മുന്നേറി. എന്നാല്‍ പൊടുന്നനെ ലങ്ക ശരിക്കും ശ്രീലങ്കയായി മാറി. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. അഞ്ച് റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകളാണ് വീണത്. ആ വീഴ്ച്ചയില്‍ നിന്നും ഒരിക്കലും തിരിച്ചു വരാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചില്ല.

സ്‌കോര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലെത്തി നില്‍ക്കെ മഴയും രസം കൊല്ലിയായി എത്തി. 33-ാം ഓവര്‍ എറിഞ്ഞതിന് പിന്നാലെയായിരുന്നു മഴ കാര്‍ഡിഫിന് മുകളില്‍ പെയ്തിറങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ നായകന്‍ ദിമുത്ത് കരുണരത്‌നെയായിരുന്നു ലങ്കയ്ക്കായി ഒറ്റയാള്‍ പോരാട്ടം നയിച്ചത്. ഇന്ന് ആ റോള്‍ ഏറ്റെടുത്തത് കുസാല്‍ പെരേരയായിരുന്നു. നന്നായി തുടങ്ങിയ ശേഷം ദിമുത്ത് പുറത്തായെങ്കിലും തിരിമന്നെയുമൊത്ത് കുസാല്‍ ടീമിനെ മുന്നോട്ട് നയിച്ചു. പക്ഷെ വൈകാതെ തിരിമന്നെയും പുറത്തായി. 25 റണ്‍സാണ് തിരിമന്നെയെടുത്തത്. പിന്നെ അങ്ങോട്ട് കുസാല്‍ ഒറ്റയ്ക്കായിരുന്നു.

കുസാല്‍ മെന്‍ഡിസും തിസര പെരേരയും രണ്ട് റണ്‍സ് എടുത്ത് മടങ്ങി. എയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസില്‍വയും റണ്ണൊന്നും എടുക്കാതേയും മടങ്ങി. അര്‍ധ സെഞ്ചുറി നേടിയ കുസാല്‍ പെരേരയെ റാഷിദ് ഖാനാണ് പുറത്താക്കിയത്. 81 പന്തില്‍ 78 റണ്‍സുമായാണ് കുസാല്‍ പെരേര മടങ്ങിയത്.

ശ്രീലങ്കയുടെ കൈയ്യില്‍ നിന്നും കളി തിരികെ പിടിച്ച സ്പിന്നര്‍ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്റെ രക്ഷകനായത്. മധ്യനിരയിലെ നാലു പേരെയാണ് നബി പുറത്താക്കിയത്. ഇതില്‍ മൂന്ന് വിക്കറ്റുകളും പിഴുതത് ഒരോവറിലായിരുന്നു. 22-ാം ഓവറിലാണ് നബി മൂന്ന് പേരെ പുറത്താക്കിയത്. ആകെ നാലു വിക്കറ്റുകളാണ് നബി നേടിയത്. നബിയുടെ കരിയറിലെ ആദ്യ നാല് വിക്കറ്റ് നേട്ടമാണിത്.

രണ്ട് വിക്കറ്റുകളുമായി ദ്വാലത് സാദ്രാനും റാഷിദ് ഖാനും തിളങ്ങിയതോടെ ഗംഭീര തുടക്കത്തില്‍ നിന്നും വന്‍ വീഴ്ച്ചയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തുകയായിരുന്നു.

Read More World Cup News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook