/indian-express-malayalam/media/media_files/uploads/2019/06/divilliers.jpg)
ജൊഹന്നാസ്ബര്‍ഗ്: ലോകകപ്പിന് മുന്നോടിയായി തനിക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച എബി ഡിവില്യേഴ്‌സിനെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തഴഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഡിവില്യേഴ്‌സ് വിരമിച്ചിരുന്നു. പിന്നീട് ടി20 ലീഗുകളില്‍ താരം സജീവമായിരുന്നു. ലോകകപ്പിന് മുന്നോടിയായി വിരമിക്കല്‍ തീരുമാനം തിരുത്താന്‍ ആഗ്രഹമുണ്ടെന്ന് ഡിവില്യേഴ്‌സ് അറിയിക്കുകയായിരുന്നു.
സംഭവം ചര്‍ച്ചയായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ദേശീയ സെലക്ഷന്‍ പാനല്‍ കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡിയാണ് പ്രസ്താവനയിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഡിവില്യേഴ്‌സിന്റെ ഓഫര്‍ നിരസിക്കുകയല്ലാതെ തങ്ങളുടെ പക്കല്‍ മറ്റ് മാര്‍ഗ്ഗമൊന്നുണ്ടായിരുന്നില്ലെന്ന് ലിന്‍ഡ പറയുന്നു. ലോകകപ്പിനുള്ള ടീം തിരഞ്ഞെടുത്തതിന് ശേഷമായിരുന്നു ഡിവില്യേഴ്‌സ് ഇങ്ങനൊരു ആവശ്യമുന്നയിച്ചതെന്നും ലിന്‍ഡ പറയുന്നു.
Read More: ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഡിവില്ലിയേഴ്‌സ് ആഗ്രഹിച്ചു; പക്ഷേ, ദക്ഷിണാഫ്രിക്ക തടഞ്ഞു
''2018 ല്‍ വിരമിക്കരുതെന്ന് ഞാന്‍ ഡിവില്യേഴ്‌സിനോട് അപേക്ഷിച്ചിരുന്നു. തീരുമാനങ്ങളെടുത്തിരുന്നത് ഡിവില്യേഴ്‌സായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത് സത്യമല്ല. ലോകകപ്പിന് മുന്നോടിയായി സ്വയം പരിശോധന നടത്തി തിരികെ വരാനുള്ള അവസരം അദ്ദേഹത്തിന് നല്‍കിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചാല്‍ മാത്രമേ ലോകകപ്പ് ടീം സെലക്ഷന്റെ ഭാഗമാവൂകയുള്ളുവെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ പാക്കിസ്ഥാനിനും ബംഗ്ലാദേശിലും ലീഗുകളിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഞങ്ങളുടെ ഓഫര്‍ നിരസിച്ചു, വിരമിക്കാനുള്ള തീരുമാനത്തില്‍ സന്തുഷ്ടനാണെന്ന് പറഞ്ഞു'' പ്രസ്താവനയില്‍ ലിന്‍ഡ പറയുന്നു.
''ഏപ്രില്‍ 18 ന് ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുമ്പോള്‍ എബിയുടെ ആഗ്രഹം ഡുപ്ലെസിസും ഓട്ടിസ് ഗിബ്‌സണും പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഞെട്ടലായിരുന്നു. വലിയൊരു വിടവാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ ഉണ്ടാക്കിയത്. ആ വിടവ് നികത്താന്‍ പുതിയ താരങ്ങളെ കണ്ടെത്തേണ്ടി വന്നു. കഠിനാധ്വാനം ചെയ്ത, അര്‍ഹത തെളിയച്ച താരങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തീരുമാനം ധാര്‍മ്മികമായിരുന്നു. ടീമിനേയും സെലക്ഷന്‍ സമിതിയേയും ഫ്രാഞ്ചൈസ് സംവിധാനത്തേയും മാനിച്ചാണ് തീരുമാനം എടുത്തത്.'' അദ്ദേഹം പറയുന്നു.
''തന്റെ ആഗ്രഹത്തെ കുറിച്ച് ഒന്നും പറയാതെയായിരുന്നു അദ്ദേഹം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. അതുകൊണ്ട് ടീം പ്രഖ്യാപിക്കുമ്പോള്‍ ഇങ്ങനൊരു വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടി. അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. പക്ഷെ മറ്റെന്തിനേക്കാളും ഞങ്ങളുടെ ധാര്‍മ്മികതയ്ക്കും നിയമത്തിനും അനുസരിച്ച് തീരുമാനം എടുക്കണമായിരുന്നു. അതിനാല്‍ തീരുമാനത്തില്‍ യാതൊരു കുറ്റബോധവുമില്ല'' ലിന്‍ഡ പറയുന്നു.
സംഭവം വിവാദമായതോടെ എബി ഡിവില്യേഴ്‌സും പ്രതികരണവുമായെത്തിയിട്ടുണ്ട്. മറ്റൊന്നിനും പ്രധാന്യമില്ലെന്നും ടീമിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഡിവില്യേഴ്‌സിന്റെ ട്വീറ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us