ഐപിഎൽ പൂരം കഴിഞ്ഞതോടെ ക്രിക്കറ്റ് പ്രേമികളെല്ലാം ഇനി കാത്തിരിക്കുന്നത് ലോകകപ്പ് ആവേശത്തിനാണ്. ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകാൻ ഇനി അധികം നാളുകളില്ല. ഇന്ത്യ അടക്കമുളള ഓരോ ടീമും അവസാന വട്ട ഒരുക്കത്തിലാണ്. ലോകകപ്പ് നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിലേക്ക് ഓരോ ടീമും എത്തുന്നത്.

ഇത്തവണത്തെ ലോകകപ്പിനുളള സെമിഫൈനലിൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്കൊപ്പം പാക്കിസ്ഥാനും കടക്കുമെന്നാണ് ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി പറയുന്നത്. പാക്കിസ്ഥാന്റെ സമീപ കാലത്തെ മികച്ച പ്രകടനമാണ് ഗാംഗുലി ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിൽ പാക്കിസ്ഥാന് എപ്പോഴും മികച്ച റെക്കോർഡുകളാണുളളത്. ഇത്തവണത്തെ ലോകകപ്പ് ഇംഗ്ലണ്ടിലായതിനാൽ പാക്കിസ്ഥാന് അത് ഗുണകരമാകുമെന്നാണ് ഗാംഗുലിയുടെ വിലയിരുത്തൽ.

ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം

”ഇംഗ്ലണ്ടിൽ നടന്ന ലോക ടൂർണമെന്റുകളിൽ പാക്കിസ്ഥാന്റെ റെക്കോർഡുകൾ മികച്ചതാണ്. രണ്ടു വർഷങ്ങൾക്കുമുൻപ് അവർ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി, 2009 ൽ ഇംഗ്ലണ്ടിൽ നടന്ന ലോക ടി20 കപ്പും നേടി,” ഗാംഗുലി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരങ്ങളും ഗാംഗുലി ചൂണ്ടിക്കാട്ടി. ”ഇംഗ്ലണ്ടിൽ പാക്കിസ്ഥാൻ എപ്പോഴും നല്ല ഫോമാണ് പുറത്തെടുത്തിട്ടുളളത്. അടുത്തിടെ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് 374 റൺസാണ് നേടിയത്. വെറും 12 റൺസിനായിരുന്നു പാക്കിസ്ഥാന്റെ പരാജയം. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ബോളിങ് കരുത്തിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.”

pakistan cricket team, ie malayalam

അതേസമയം, വിരാട് കോഹ്‌ലിയുടെ ടീം പാക്കിസ്ഥാന്റെ പ്രകടനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഗാംഗുലി പറഞ്ഞു.” റെക്കോർഡുകളിൽ ഞാൻ വിശ്വസിക്കുന്നില്ല. ലോകകപ്പിൽ ഇരു ടീമുകളും മികച്ച രീതിയിൽ കളിക്കുമെന്ന് കരുതുന്നു. ഇന്ത്യയ്ക്ക് മികച്ചൊരു ടീമുണ്ട്. അവരെ തോൽപ്പിക്കാൻ പ്രയാസമായിരിക്കും. കോഹ്‌ലി, രോഹിത്, ധവാൻ എന്നിവരടങ്ങുന്ന ടീമിനെ പരാജയപ്പെടുത്താനാവില്ല,” ഗാംഗുലി പറഞ്ഞു.

ICC Cricket World Cup 2019: ലോകകപ്പിൽ ഋഷഭ് പന്തിന്റെ കുറവ് ഇന്ത്യ അറിയും: സൗരവ് ഗാംഗുലി

മേയ് 30 മുതലാണ് ലോകകപ്പ് പന്ത്രണ്ടാം പതിപ്പിന് തുടക്കമാവുക. ഇംഗ്ലണ്ടും വെയ്ൽസുമാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങൾക്ക് വോദിയാകുന്നത്. 1975, 1979, 1983, 1999 വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഉദ്ഘാടന മത്സരം ഓവലിലും, ഫൈനൽ പോരാട്ടം ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്സ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.

പത്ത് ടീമുകളാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയ്ക്ക് ഇംഗ്ലണ്ട് യോഗ്യത നേടിയപ്പോൾ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഏകദിന റാങ്കിങ്ങിന്റെ അടിസ്ഥാനത്തലാണ് ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയത്. യോഗ്യത റൗണ്ട് മത്സരങ്ങളിലൂടെ അഫ്ഗാനിസ്ഥാനും വിൻഡീസും യോഗ്യത നേടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook