മാഞ്ചസ്റ്റര്‍: പൊരുതി വീണ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സൗരവ്വ് ഗാംഗുലി. ട്വീറ്റിലൂടെയാണ് ഗാംഗുലി വിന്‍ഡീസ് താരത്തെ അഭിനന്ദിച്ചത്. ബ്രാത്ത് വെയ്റ്റിന്റെ വെടിക്കെട്ട് സെഞ്ചുറിയായിരുന്നു മാഞ്ചസ്റ്ററിലെ കളിയിലെ ഹൈലൈറ്റ്. അഞ്ച് റണ്‍സകലെ വെസ്റ്റ് ഇന്‍ഡീസ് ജയം കൈവിട്ടെങ്കിലും ബ്രാത്ത് വെയ്റ്റിന്റെ ഇന്നിങ്‌സിന് ക്രിക്കറ്റ് ലോകം പ്രശംസ ചൊരിയുകയാണ്.

”കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്, എല്ലാ ലോകകപ്പിനും ടൂര്‍ണമെന്റിനെ ജീവനുള്ളതാക്കി നിലനിര്‍ത്താന്‍ നിന്നെ പോലുള്ളവരെ ആവശ്യമാണ്. എന്തൊരു ഇന്നിങ്‌സ്… വെല്‍ ഡണ്‍ ന്യൂസിലന്‍ഡ്” എന്നായിരുന്നു ദാദയുടെ ട്വീറ്റ്.

മാഞ്ചസ്റ്ററില്‍ വിന്‍ഡീസിനെ അഞ്ച് റണ്‍സിന് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയപ്പോള്‍ പിറന്നത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ക്ലാസിക് പ്രകടനങ്ങളിലൊന്നാണ്. ആദ്യ പകുതി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് തന്റേതാക്കി മാറ്റി. മത്സര ശേഷം ജയിച്ച ന്യൂസിലന്‍ഡിനേക്കാള്‍ ലോകം ചര്‍ച്ച ചെയ്തത് പൊരുതി വീണ ബ്രാത്ത്‌വെയ്റ്റിനെ കുറിച്ച് മാത്രമായിരുന്നു.

ത്രസിപ്പിക്കുന്ന സെഞ്ചുറി നേടിയ ബ്രാത്ത് വെയ്റ്റ് പക്ഷെ തന്റെ ടീമിന് എന്നും ഓര്‍ത്തുവെക്കാവുന്ന ഒരു വിജയം സമ്മാനിക്കാനാകാതെയാണ് മാഞ്ചസ്റ്ററില്‍ നിന്നും മടങ്ങിയത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കെയ്ന്‍ വില്യംസണിന്റെ മനോഹര സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ എട്ടിന് 291 എന്ന സ്‌കോറിലെത്തിച്ചത്. 148 റണ്‍സ് നേടിയ വില്യംസണ്‍ തന്റെ കരിയര്‍ ബെസ്റ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് നല്ല തുടക്കം കിട്ടിയിട്ടും പക്ഷെ അത് മുതലാക്കാനായില്ല. ടീം 164-7 എന്ന നിലയിലായിരുന്നു 27-ാം ഓവറില്‍. അവിടെ നിന്നും ബ്രാത്ത് വെയ്റ്റ് ടീമിനെ ഒറ്റയ്ക്ക് നെഞ്ചേറ്റുകയായിരുന്നു. പിന്നെ കണ്ടത് കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് എന്ന ഓള്‍ റൗണ്ടറുടെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു.

തകര്‍പ്പന്‍ അടികളിലൂടെ കരിബീയന്‍ പ്രതീക്ഷകള്‍ക്ക് അയാള്‍ വീണ്ടും ചിറകു നല്‍കി. ഒരു വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ ഏഴ് പന്തില്‍ ആറ് റണ്‍സ് എന്നതായിരുന്നു വിജയത്തിലേക്കുള്ള ദൂരം. സെഞ്ചുറി അടിച്ചതിന് പിന്നാലെ, ജിമ്മി നീഷമിനെ ഉയര്‍ത്തി അടിച്ച ബ്രാത്ത് വെയ്റ്റിന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ട്രെന്റ് ബോള്‍ട്ട് പന്ത് പിടിയിലൊതുക്കി. അഞ്ച് സിക്‌സും നാല് ഫോറുമടക്കം 82 പന്തുകളില്‍ നിന്നും 101 റണ്‍സാണ് ബ്രാത്ത് വെയ്റ്റ് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook