ബർമിങ്ഹാം: ലോകകപ്പിൽ അപരാജിതരായി സെമിഫൈനലിൽ പ്രവേശിക്കാനുള്ള ഇന്ത്യയുടെ മോഹങ്ങൾ തല്ലിതകർത്തത് ഇംഗ്ലണ്ടായിരുന്നു. ഇംഗ്ലണ്ടിനോട് വഴങ്ങിയ തോൽവിയോടെ സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് അടുത്ത മത്സരം വരെ കാത്തിരിക്കണം. ജയിക്കാവുന്ന മത്സരം ഇന്ത്യ മനഃപൂർവ്വം കൈവിട്ട് കളഞ്ഞു എന്ന തരത്തിലാണ് ആരാധകരുടെ വിമർശനം. മധ്യനിര പരാജയപ്പെടുന്ന കാഴ്ച ഇന്നലത്തെ മത്സരത്തിലും ആവർത്തിച്ചപ്പോൾ ഇന്ത്യയും പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇന്ത്യൻ തോൽവിയുടെ രണ്ട് കാരണങ്ങൾ വിവരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. മത്സരത്തിന്റെ രണ്ട് ഘട്ടങ്ങളിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ പത്ത് ഓവറിലും അവസാന അഞ്ച് ഓവറിലുമാണ് ഇന്ത്യ പരാജയപ്പെട്ടതെന്നാണ് ഗാംഗുലി പറയുന്നത്. ഈ രണ്ട് ഘട്ടങ്ങളിലും കൂടുതൽ റൺസ് കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് അനായാസം ജയം കണ്ടെത്താമായിരുന്നു.

”മറുപടി ബാറ്റിങ്ങിൽ രണ്ട് ഘട്ടങ്ങളിലാണ് ഇന്ത്യ പരാജയപ്പെട്ടത്. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും റൺസ് കണ്ടെത്താൻ സാധിക്കാതെ വന്ന ആദ്യ പത്ത് ഓവറിലും ധോണിക്കും കേദാർ ജാദവിനും റൺസ് സ്വന്തമാക്കാൻ സാധിക്കാതെ വന്ന അവസാന അഞ്ച് ഓവറിലും,” ഗാംഗുലി പറഞ്ഞു.

ഒരിക്കലും 338 പോലൊരു വിജയലക്ഷ്യം മുന്നിൽ വച്ച് ബാറ്റ് ചെയ്യുമ്പോൾ ആദ്യ പവർ പ്ലേയിൽ 28 റൺസ്മാത്രം നേടുന്നത് ശരിയല്ലെന്നും, മുൻ നിരയിൽ രോഹിത്തും കോഹ്‌ലിയും വെല്ലുവിളി ഏറ്റെടുത്ത് ബാറ്റ് വീശണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു.

നിരുത്തരവാദിത്വത്തോടെ ബാറ്റ് വീശിയ കേദാർ ജാദവിനെയും എം.എസ്.ധോണിയെയും ഗാംഗുലി വിമർശിച്ചു. ഇരുവരുടെയും സമീപനത്തെ വിവരിക്കാൻ പ്രയാസമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രസ്താവന. സിക്സുകളും ഫോറുകളും വേണ്ടിടത്ത് സിംഗിൾ അടിച്ചു കളിക്കുകയാണ് ഇരുവരും ചെയ്തതെന്നും ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 31 പന്തിൽ 42 റൺസാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ട് കൂടി അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ സാധിക്കാതെ പോയതാണ് ഇന്ത്യൻ തോൽവിക്ക് കാരണമായത്. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇതോടെ പാഴായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook