ലണ്ടന്‍: ലോകകപ്പിന് മുന്നോടിയായി എല്ലാ നായകന്മാരും എലിസബത്ത് രാജ്ഞിയെ കണ്ടിരുന്നു. രാജ്ഞിയുമൊത്തുളള ഇന്ത്യന്‍ നായകന്റെ കൂടിക്കാഴ്ച ട്വിറ്റര്‍ ലോകത്ത് ചിരിപടര്‍ത്തിയിരുന്നു. അതേസമയം, പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ ട്വിറ്ററില്‍ അധിക്ഷേപമാണുയരുന്നത്. കാരണം പാക് നായകന്റെ വസ്ത്രമാണ്.

പാക്കിസ്ഥാന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞാണ് സര്‍ഫ്രാസ് രാജ്ഞിയെ കാണാനെത്തിയത്. പാക് ടീമിന്റെ ഔദ്യോഗിക കോട്ടിനൊപ്പം വെള്ള സല്‍വാര്‍ കമീസുമായിരുന്നു നായകന്റെ വേഷം. രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞതിനെ കുറേപ്പേര്‍ അഭിനന്ദിച്ചപ്പോള്‍ ഇതിനെ പരിഹസിക്കുന്നവരും കുറവല്ല.

പാക് സ്വദേശിയായ കനേഡിയന്‍ എഴുത്തുകാരന്‍ താരെക് ഫതാഹ് സര്‍ഫ്രാസിനെ പരിഹസിച്ച് രംഗത്തെത്തിയവരില്‍ പെടുന്ന വ്യക്തിയാണ്. സര്‍ഫ്രാസ് ലുങ്കിയും ബനിയനും ഉടുത്ത് വരാത്തതിലാണ് തനിക്ക് അത്ഭുതമെന്നായിരുന്നു താരെക്കിന്റെ ട്വീറ്റ്.

സര്‍ഫ്രാസിനെ പരിഹസിച്ച് പലരും രംഗത്തെത്തിയപ്പോള്‍ പാക് ആരാധകര്‍ തങ്ങളുടെ നായകന് പിന്തുണയുമായെത്തി. ചില ഇന്ത്യന്‍ ആരാധകരും പാക് നായകന് പിന്തുണയുമായെത്തിയിട്ടുണ്ട്.