ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ കളിക്കാർ മാത്രമല്ല മിക്കപ്പോഴും കാണികളും താരങ്ങളാകാറുണ്ട്. ക്യാമറ കണ്ണുകൾ തപ്പിപിടിച്ച് അവതരിപ്പിക്കുന്ന അത്തരം കാണികളുടെ പിന്നാലെ സമൂഹമാധ്യമങ്ങൾ പോകാറുമുണ്ട്. ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തിനിടയിലും അത്തരം ഒരു താരത്തെ ക്യാമറ കണ്ടെത്തി, ഒരു അമ്മൂമ്മ.

പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ വീണിട്ടുണ്ടെങ്കിലും ആവേശത്തിനും ആഹ്ലാദത്തിനും ഒട്ടും കുറവില്ല. ക്രിക്കറ്റ് അത്രത്തോളം ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ഇവർ. ചുങ്ങിയ മുഖത്ത് ത്രിവർണ്ണ പതക വരച്ച് വെവുസ്വോല ഊതി കളിയുടെ ഓരോ നിമിഷവും ആഘോഷിച്ച ആ അമ്മൂമ്മ ആരാണെന്നറിയാൻ ശ്രമത്തിലാണ് ക്രിക്കറ്റ് ലോകം.

മത്സരത്തിന്റെ ഓരോ നിമിഷവും അവർ ആസ്വദിക്കുന്നുണ്ടായിരുന്നു, ആഘോഷിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ആവേശവും വ്യക്തമാകുന്ന ഭാവ പ്രകടനങ്ങൾ, കൂടെയുള്ള യുവാക്കളെ പോലും ഞെട്ടിക്കുന്ന ഉർജ്ജസ്വലത. സെഞ്ചുറി നേടിയ രോഹിത്തിനെക്കാളും അർധസെഞ്ചുറി തികച്ച രാഹുലിനെക്കാളും ഒരുപക്ഷെ ക്രിക്കറ്റ് ആരാധകർ ഇന്ന് കൈയ്യടിച്ചത് ഈ അമ്മൂമ്മക്ക് വേണ്ടിയായിരിക്കും.

മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 315 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. 50 ഓവറില്‍ 314-9 എന്ന നിലയിലാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസൂർ റഹ്മാന്റെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്താതെ ചെറുത്തു നിർത്തിയത്. ഓപ്പണർമാരായ രാഹുലും രോഹിത്തും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.രോഹിത് സെഞ്ചുറി നേടി പുറത്തായി. 104 റണ്‍സാണ് രോഹിത് നേടിയത്.180 റണ്‍സാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേർത്തത്. രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook