ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച സ്കോർ കണ്ടെത്താൻ ഇംഗ്ലണ്ട് താരങ്ങൾക്കായിരുന്നു. ഇന്ത്യൻ ബോളർമാരെയെല്ലാം കണക്കിന് പ്രഹരിച്ച ഇംഗ്ലീഷ് ബാറ്റിങ് നിര 337 റൺസാണ് അടിച്ചുകൂട്ടിയത്. സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോയും അർധസെഞ്ചുറിയുമായി ജേസൺ റോയിയും ബെൻ സ്റ്റോക്സും തിളങ്ങിയപ്പോൾ ഇന്ത്യൻ ബോളിങ് നിരയിലെ താരമായത് മുഹമ്മദ് ഷമിയാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും താളം കണ്ടെത്തിയ ഷമി അഞ്ച് വിക്കറ്റാണ് ഇന്നത്തെ മത്സരത്തിൽ വീഴ്ത്തിയത്.

ഇംഗ്ലീഷ് ബാറ്റിങ് നിരയിലെ വെടിക്കെട്ടുകാരെയെല്ലാം പുറത്താക്കി ഷമി ഇന്ത്യൻ വിജയലക്ഷ്യം ചുരുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മത്സരത്തിൽ ഒരു പിടി റെക്കോർഡുകളും ഷമി മറികടന്നു. ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതില്‍ കൂടുലോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം താരമായാണ് ഷമി മാറിയത്. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ലോകകപ്പിൽ ഈ നേട്ടം കൈവരിച്ചത്. ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ഏറ്റവും ഒടുവിൽ ഇംഗ്ലണ്ടിനെതിരെയുമാണ് മുഹമ്മദ് ഷമി നാല് വിക്കറ്റ് നേട്ടം കൊയ്തത്.

Also Read: റോയിയെ റാഞ്ചി രവീന്ദ്ര ജഡേജ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൂപ്പർ താരത്തിന്റെ മനോഹര ക്യാച്ച്, വീഡിയോ

ഏകദിന ക്രിക്കറ്റിൽ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതില്‍ കൂടുതലോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബോളറെന്ന നേട്ടവും ഷമി പേരിലായിരിക്കും. 1988ൽ നരേന്ദ്ര ഹിര്‍വാനിയാണ് ഷമിക്ക് മുമ്പ് ഏകദിനത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അവസാന ഓവറിലെ ഹാട്രിക് നേട്ടത്തിലൂടെയാണ് ഷമി ഇന്ത്യക്ക് ജയം സമ്മാനിച്ചത്. വിൻഡീസിനെ ചെറിയ സ്കോറിൽ പുറത്താക്കുന്നതിൽ നിർണായക സാനിധ്യമായി. ലോകകപ്പില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ 13 വിക്കറ്റാണ് ഷമിയുടെ സമ്പാദ്യം. ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിലും ഷമി തന്നെ മുന്നിൽ. ഏഴ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ സ്വന്തമാക്കിയ ജസ്പ്രീത് ബുംറയാണ് രണ്ടാം സ്ഥാനത്ത്.

ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടേയും രണ്ടാം പകുതിയില്‍ അടിച്ചു തകര്‍ത്ത ബെന്‍ സ്റ്റോക്‌സിന്റേയും പ്രകടനത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ്. അഞ്ച് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook