സ്വന്തം ടീമിനെ സെമി ഫൈനല്‍ വരെ എത്തിക്കാന്‍ സാധിക്കാതെയാണ് ഷാക്കിബ് അല്‍ ഹസന്‍ മടങ്ങുന്നത്. പക്ഷെ ഒന്നുറപ്പിച്ചു പറയാം, ഈ ലോകകപ്പിന്റെ താരം ഷാക്കിബ് തന്നെയാണ്. ചരിത്ര നേട്ടവുമായാണ് ഷാക്കിബ് ലോകകപ്പിനോട് വിട പറയുന്നത്.

പാക്കിസ്ഥാനെതിരെ 64 റണ്‍സ് നേടിയതോടെ ഷാക്കിബിന്റ ലോകകപ്പിലെ റണ്‍സ് നേട്ടം 606 ആയി. ഇതോടെ ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഷാക്കിബ് സ്വന്തം പേരിലാക്കിയാണ് മടങ്ങുന്നത്. ഒരു ലോകകപ്പില്‍ 600 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിന്‍ തെണ്ടുല്‍ക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

സച്ചിന്‍ 2003 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ 673 റണ്‍സ് നേടിയപ്പോള്‍ ഹെയ്ഡന്‍ 2007 ലോകകപ്പില്‍ 659 റണ്‍സ് നേടി. എട്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 606 റണ്‍സാണ് ഈ ലോകകപ്പില്‍ ഷാക്കിബിന്റെ നേട്ടം. ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഷാക്കിബ് തിളങ്ങി. 11 വിക്കറ്റുകളും നേടിയിട്ടുണ്ട്.

പക്ഷെ ഷാക്കിബിന്റെ മിന്നും പ്രകടനത്തിന് ഇന്ന് ബംഗ്ലാദേശിനെ ജയിപ്പിക്കാനായില്ല. ബംഗ്ലാദേശിനെ 94 റണ്‍സിന് തകര്‍ത്ത് പാക്കിസ്ഥാന്‍. ഷഹീന്‍ അഫ്രീദിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ജയിച്ചെങ്കിലും റണ്‍ റേറ്റില്‍ പിന്നിലായതിനാല്‍ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ യോഗ്യത നേടാനായില്ല.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 316 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്‌കോറര്‍. ഇതോടെ ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ് ഒന്നാമതെത്തി. 77 പന്തുകളില്‍ നിന്നും 64 റണ്‍സാണ് ഷാക്കിബ് നേടിയത്. ലിറ്റണ്‍ ദാസ് 32 റണ്‍സും നേടി.

9.1 ഓവറില്‍ 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് പാക്കിസ്ഥാന്റെ വിജയശില്‍പ്പി.ഷാക്കിബിന്റേയും ലിറ്റണ്‍ ദാസിന്റേയും അടക്കം നിര്‍ണായക വിക്കറ്റുകളാണ് ഷഹീന്‍ നേടിയത്.ഷദാബ് ഖാന്‍ രണ്ട് വിക്കറ്റ് നേടി മികച്ച പിന്തുണ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook