കാര്‍ഡിഫ്: ലോകത്തിലെ നമ്പര്‍ ഓള്‍ റൗണ്ടര്‍, ബംഗ്ലാദേശിന്റെ സൂപ്പര്‍ ഹീറോ. ഇതൊന്നും ഒരു രാത്രി കൊണ്ട് നേടിയതല്ല ഷാക്കിബ് അല്‍ ഹസന്‍. 2007 ലെ ലോകകപ്പ് മുതല്‍ 2019 ലെ ലോകകപ്പ് വരെ ബംഗ്ലാദേശിന്റെ വളര്‍ച്ചയുടെ ഭാഗമാണ് ഷാക്കിബ്. ഇന്ന് ഷാക്കിബ് കളിച്ച ആ ഇന്നിങ്‌സിലുണ്ട് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വളര്‍ച്ച. പഴയതുപോലെ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയില്‍ വിശ്വസിച്ച് കളിക്കുന്നവരല്ല, മറിച്ച് തങ്ങള്‍ക്ക് സാധിക്കുമെന്ന ഉറപ്പിന്നവര്‍ക്കുണ്ട്. അതുതന്നെയാണ് ഷാക്കിബ് ഇന്ന് കാണിച്ചു തന്നതും.
ഇംഗ്ലണ്ട് തങ്ങള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയ റണ്‍മല കണ്ട് ഒരിക്കല്‍ പോലും ഷാക്കിബ് പകച്ചില്ല. തന്റെ കരിയറിലെ ഏറ്റവും മനോഹരമായൊരു ഇന്നിങ്‌സ് കളിച്ചാണ് ഷാക്കിബ് ഇന്ന് മടങ്ങിയത്. ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറിയാണ് ഷാക്കിബ് ഇന്ന് നേടിയത്. ഒപ്പം ലോകകപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബംഗ്ലാദേശ് താരവുമായി ഷാക്കിബ്.
Read More: സിക്‌സോ ഫോറോ? അല്ല, വിക്കറ്റാണ്! ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ പന്തുമായി ജോഫ്ര ആര്‍ച്ചര്‍
ഇതിന് മുമ്പ് ലോകകപ്പില്‍ സെഞ്ചുറി നേടിയ ബംഗ്ലാദേശുകാരന്‍ മഹമ്മദുള്ളയാണ്. കഴിഞ്ഞ ലോകകപ്പില്‍, അന്നും ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. ഇംഗ്ലണ്ടിനെ കണ്ണീരു കുടിപ്പിച്ചാണ് അന്ന് ബംഗ്ലാദേശ് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. ഇന്ന് ഷാക്കിബിലൂടെ വീണ്ടുമൊരു ബംഗ്ലാദേശ് താരം സെഞ്ചുറി നേടുമ്പോള്‍ കാഴ്ച്ചക്കാരനായി, ടീമിലൊരു അംഗമായി കൈയ്യടിക്കാന്‍ മഹമ്മദുള്ളയുമുണ്ടായിരുന്നു.
ഓപ്പണര്‍ തമീം ഇക്ബാല്‍ 19 റണ്‍സ് എടുത്തു നില്‍ക്കെ പുറത്താകുമ്പോഴാണ് ഷാക്കിബ് ക്രീസിലെത്തുന്നത്. തുടര്‍ന്ന് ബംഗ്ലാദേശ് ഇന്നിങ്‌സിനെ സ്വന്തം ചുമലിലേറ്റുകയായിരുന്നു ഷാക്കിബ്. മുന്‍ നായകന്‍ മുഷ്ഫിഖൂര്‍ റഹീമുമൊത്ത് 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഷാക്കിബ്. 29-ാം ഓവറില്‍44 റണ്‍സുമായാണ് റഹീം മടങ്ങുന്നത്.
A disappointing result for Bangladesh but a very special innings from Shakib Al Hasan. #RiseOfTheTigers pic.twitter.com/H7huqqK2t2
— Cricket World Cup (@cricketworldcup) June 8, 2019
കഴിഞ്ഞ രണ്ട് മത്സരത്തിലും ഷാക്കിബ് അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഷാക്കിബ് എന്ന ഏകദിനത്തിലെ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറുടെ ക്ലാസ് ബോധ്യപ്പെടുത്തുന്നതാണ് ഈ സ്ഥിരതയും ഇന്നത്തെ ക്ലാസിക് പ്രകടനവും. 40-ാം ഓവറില്‍ ബെന്‍ സ്‌റ്റോക്‌സ് പുറത്താക്കുമ്പോള്‍ ഷാക്കിബിന്റെ സമ്പാദ്യം 119 പന്തുകളില്‍ 121 റണ്‍സായിരുന്നു. നിറകയ്യടികളോടെയാണ് ഷാക്കിബിന് ഗ്യാലറി യാത്രയാക്കിയത്. ഇന്നത്തെ സെഞ്ചുറിയടക്കം 260 റണ്‍സുമായി ഈ ലോകകപ്പിലെ ടോപ്പ് സ്‌കോററാണ് ഷാക്കിബ്.
ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് 106 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ലോകകപ്പില്‍ തങ്ങള്‍ക്ക് നാണം കെട്ട പുറത്താകല്‍ സമ്മാനിച്ച ബംഗ്ലാദേശിനുള്ള ഇംഗ്ലണ്ടിന്റെ മറുപടിയായി മാറി ഈ വിജയം. രണ്ട് സെഞ്ചുറികള്‍ പിറന്ന മത്സരത്തില്‍ ബംഗ്ലാദേശ് പൊരുതിയാണ് വീണത്. 280 റണ്‍സിന് ബംഗ്ലാദേശ് പുറത്താക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ നേടിയ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്‌റ്റോക്‌സുമാണ് ഇംഗ്ലണ്ട് ബോളര്‍മാരില്‍ താരങ്ങള്‍. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും റഷീദും പ്ലങ്കറ്റും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 128 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ബെയര്‍സ്‌റ്റോ 51 റണ്‍സെടുത്ത് പുറത്തായി. മെഹ്ദി ഹസന്റെ ക്യാച്ചില്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്താസയാണ് ബെയര്‍സ്റ്റോയെ പുറത്താക്കിയത്. 50 പന്തില്‍ നിന്നുമാണ് ബെയര്‍സ്റ്റോ 51 റണ്‍സെടുത്തത്.
ബെയര്‍സ്‌റ്റോ പോയെങ്കിലും റോയി യാതൊരു കൂസലുമില്ലാതെ ക്രീസില്‍ നിലയുറപ്പിച്ചു നിന്നു കളിച്ചു. ജോ റൂട്ടുമൊത്തും റോയി കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 21 റണ്‍സാണ് റൂട്ട് നേടിയത്. മുഹമ്മദ് സെയഫുദ്ദീനാണ് റൂട്ടിനെ പുറ്തതാക്കിയത്. ഇതിനിടെ റോയി സെഞ്ചുറി നേടി. 92 പന്തിലാണ് റോയി സെഞ്ചുറി കടന്നത്. 14 ഫോറും അഞ്ച് സിക്‌സുമായി 153 റണ്‍സെടുത്ത് റോയി മടങ്ങി. മെഹ്ദി ഹസനാണ് റോയിയെ പുറത്താക്കിയത്.