ലോകകപ്പിൽ സെമിസാധ്യത നിലനിർത്തി ബംഗ്ലാദേശിന് ജയം സമ്മാനിച്ചത് ഷാക്കിബ് അൽ ഹസന്റെ ഓൾറൗണ്ട് മികവ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി അർധസെഞ്ചുറി നേടിയ ഷാക്കിബ് അഞ്ച് വിക്കറ്റ് പ്രകടനവുമായി അഫ്ഗാനെ എറിഞ്ഞും വീഴ്ത്തി. അഫ്ഗാന്റെ അഞ്ച് മുൻനിര വിക്കറ്റുകളിൽ നാലും വീഴ്ത്തി ബംഗ്ലാദേശിന് മത്സരത്തിൽ ആധിപത്യം സമ്മാനിച്ച ക്രീസിൽ നിലയുറപ്പിക്കുകയായിരുന്ന നജിബുള്ള സദ്രാനെയും വീഴ്ത്തി അഫ്ഗാൻ പതനം പൂർത്തിയാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഓപ്പണർമാർ വേഗം മടങ്ങിയതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഷാക്കിബും മുഷ്ഫിഖൂർ റഹ്മാനും ചേർന്നാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഷാക്കിബ് അൽ ഹസൻ – മുഷ്ഫിഖൂർ റഹ്മാൻ സഖ്യമാണ് ബംഗ്ലാദേശ് സ്കോറിങ്ങിന് പിന്നീട് കരുത്ത് പകർന്നത്. ഈ ലോകകപ്പിലെ തന്റെ മൂന്നാം അർധസെഞ്ചുറിയും തികച്ച ശേഷമാണ് കളം വിട്ടത്. 69 പന്തിൽ 51 റൺസെടുത്ത ഷാക്കിബിനെ മുജീബ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

Also Read: സെമിസാധ്യത സജീവമാക്കി ബംഗ്ലാദേശിന് മൂന്നാം ജയം; അഫ്ഗാനെ പരാജയപ്പെടുത്തിയത് 62 റൺസിന്

ബോളിങ്ങിൽ അഫ്ഗാൻ ഓപ്പണർ റഹ്മത്തിനെ വീഴ്ത്തി ഷാക്കിബ് തന്നെയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ നായകൻ ഗുൽബാദിൻ നയ്ബിനെയും മുഹമ്മദ് നബിയെയും അസ്ഗർ അഫ്ഗാനെയും വീഴ്ത്തിയ ഷാക്കിബ് നജീബുള്ള സദ്രാനിൽ പട്ടിക പൂർത്തിയാക്കി. ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഷാക്കിബ് അൽ ഹസൻ സ്വന്തം പേരിൽ എഴുതി ചേർത്തത്.

അഫ്ഗാനെതിരായ മത്സരത്തോടെ ലോകകപ്പിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമായും ഷാക്കിബ് മാറി. ലോകകപ്പിലെ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഇനി ഷാക്കിബിന്റെ പേരിൽ അറിയപ്പെടും.

അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ബംഗ്ലാദേശ് താരം മറ്റൊരു അപൂർവ്വ റെക്കോർഡിന് കൂടി ഉടമയായി. ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന ഏക ബംഗ്ലാദേശ് താരമായാണ് ഷാക്കിബ് മാറിയത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഷാക്കിബ് ഡേവിഡ് വാർണറെ മറികടന്ന് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന 19മത്തെ താരമാണ് ഷാക്കിബ് അൽ ഹസൻ.

Also Read: ‘ആയിരത്തിൽ ഒരുവൻ ഷാക്കിബ്’; ലോകകപ്പിൽ റെക്കോർഡ് നേട്ടവുമായി ബംഗ്ലാദേശ് താരം

ബംഗ്ലദേശിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായ ഷാക്കിബ് ഈ ടൂർണമെന്റിലും മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. നടപ്പ് ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 476 റൺസാണ് ഷാക്കിബ് അൽ ഹസൻ അടിച്ചു കൂട്ടിയത്. ഇതിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഓസ്ട്രേലിയക്കെതിരെ മാത്രമാണ് ഷാക്കിബിന്റെ സ്കോറിങ്ങ് 50ൽ താഴെ അവസാനിച്ചത്.

മത്സരത്തിൽ ഷാക്കിബ് അൽ ഹസൻ എന്ന ഓൾറൗണ്ടറുടെ നിറഞ്ഞാട്ടത്തിൽ അഫ്ഗാനെതിരെ 62 റൺസിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ പോരാട്ടം 200ൽ അവസാനിച്ചു. മറികടക്കാവുന്ന വിജയലക്ഷ്യം ആയിരുന്നിട്ടുകൂടി 47 ഓവറിൽ എല്ലാ താരങ്ങളും കൂടാരം കയറിയതാണ് അഫ്ഗാന് തിരിച്ചടിയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook