ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ ബാറ്റിങ് വെടിക്കെട്ട് തുടരുന്നു. അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ബംഗ്ലാദേശ് താരം മറ്റൊരു അപൂർവ്വ റെക്കോർഡിന് കൂടി ഉടമയായി. ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന ഏക ബംഗ്ലാദേശ് താരമായാണ് ഷാക്കിബ് മാറിയത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഷാക്കിബ് ഡേവിഡ് വാർണറെ മറികടന്ന് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന 19മത്തെ താരമാണ് ഷാക്കിബ് അൽ ഹസൻ. ശ്രീലങ്കയുടെ അഞ്ച് താരങ്ങളും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളുടെ മൂന്ന് വീതം താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളും പാക്കിസ്ഥാന്റെയും ന്യൂസിലൻഡിന്റെയും ഒരോ താരങ്ങളും വീതമാണ് ഇതിന് മുമ്പ് 1000 ലോകകപ്പ്റൺസ് ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ എലൈറ്റ് ക്ലാസിലേക്കാണ് ഇപ്പോൾ ബംഗ്ലാദേശ് താരവും തന്റെ പേര് എഴുതി ചേർത്തിരിക്കുന്നത്.

ബംഗ്ലദേശിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായ ഷാക്കിബ് ഈ ടൂർണമെന്റിലും മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. നടപ്പ് ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 476 റൺസാണ് ഷാക്കിബ് അൽ ഹസൻ അടിച്ചു കൂട്ടിയത്. ഇതിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഓസ്ട്രേലിയക്കെതിരെ മാത്രമാണ് ഷാക്കിബിന്റെ സ്കോറിങ്ങ് 50ൽ താഴെ അവസാനിച്ചത്.

ഷാക്കിബിന്റെ കരിയറിലെ നാലാം ലോകകപ്പ് വേദിയാണിത്. 2007 ലോകകപ്പ് മുതൽ എല്ലാ ലോകകപ്പുകളിലും ബംഗ്ലാദേശ് കുപ്പായത്തിലിറങ്ങിയിട്ടുള്ള ഷാക്കിബ് ഇതിനോടകം 27 മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ഐസിസി ഏകദിന റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ ഓൾറൗണ്ടർ കൂടിയാണ് ഷാക്കിബ്.

ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറിയാണ് ഷാക്കിബ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഒപ്പം ലോകകപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബംഗ്ലാദേശ് താരവുമായി ഷാക്കിബ്. ഇതിന് മുമ്പ് ലോകകപ്പില്‍ സെഞ്ചുറി നേടിയ ബംഗ്ലാദേശുകാരന്‍ മഹമ്മദുള്ളയാണ്. കഴിഞ്ഞ ലോകകപ്പില്‍, അന്നും ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. ഇംഗ്ലണ്ടിനെ കണ്ണീരു കുടിപ്പിച്ചാണ് അന്ന് ബംഗ്ലാദേശ് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook