ലോകകപ്പിൽ ഷാക്കിബ് അൽ ഹസന്റെ വൺമാൻ ഷോയിൽ വെസ്റ്റ് ഇൻഡീസിനെ ബംഗ്ലാദേശ് തകർത്തു. ഇന്നലെ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾക്കായിരുന്നു ബംഗ്ലാദേശിന്റെ ജയം. ബംഗ്ലാദേശിനു വേണ്ടി 124 റൺസെടുത്ത ഷാക്കിബ് രണ്ടു വിക്കറ്റുകളും വീഴ്‌ത്തി. ഇന്നലത്തെ മത്സരത്തോടെ ലോകകപ്പിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ് ഷാക്കിബ്.

Read Also: ഷാക്കിബിന് സെഞ്ചുറി, വെടിക്കെട്ട് ബാറ്റിങ്ങുമായി ലിറ്റൺ; ബംഗ്ലാ കടുവകളുടെ ഗർജ്ജനത്തിൽ വീണ് വിൻഡീസ്

നിലവിൽ 384 റൺസുമായി ഷാക്കിബ് അൽ ഹസനാണ് ഒന്നാം സ്ഥാനത്ത്. 343 റൺസുമായി ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് രണ്ടാം സ്ഥാനത്തും 319 റൺസുമായി ഇന്ത്യയുടെ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുമുണ്ട്. ലോകകപ്പ് ചരിത്രത്തിൽ 322 എന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിക്കുന്ന ടീമാണ് ബംഗ്ലാദേശ്.

ലോകകപ്പിൽ ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ബംഗ്ലാദേശ് കളിക്കാരിൽ രണ്ടാം സ്ഥാനവും ഇന്നലെ നേടിയ 124 റൺസോടെ ഷാക്കിബിന് സ്വന്തമായി. 2015 ൽ ന്യൂസിലൻഡിനെതിരെ മഹമുദുളള റിയാദ് നേടിയ 128 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഏകദിനത്തിൽ 6000 റൺസും ഷാക്കിബ് ഇന്നലെ തികച്ചു. 190 ഇന്നിങ്സുകളിൽനിന്നാണ് ഷാക്കിബിന്റെ ഈ നേട്ടം.

വിൻഡീസ് ഉയർത്തിയ 322 റൺസ് വിജയലക്ഷ്യം 52 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് മറികടന്നത്. സെഞ്ചുറി നേടിയ ഷാക്കിബ് അൽ ഹസന്റെയും വെടിക്കെട്ട് ബാറ്റിങ്ങുമായി അർധ സെഞ്ചുറി തികച്ച ലിറ്റൺ ദാസിന്റെയും പ്രകടനമാണ് ബംഗ്ലാദേശിന്റെ വിജയം അനായാസമാക്കിയത്.

ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം നൽകി ഓപ്പണർമാർ മടങ്ങിയതിന് പിന്നാലെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഷാക്കിബ് ടൂർണമെന്റിലെ തന്റെ രണ്ടാം സെഞ്ചുറി തികയ്ക്കുകയായിരുന്നു. 29 റൺസെടുത്ത സൗമ്യ സർക്കാരിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. അർധസെഞ്ചുറിക്ക് രണ്ട് റൺസ് അകലെ തമീം ഇഖ്ബാലും വീണു. മുഷ്തഫിക്കൂർ റഹ്മാന്രെ പോരാട്ടം ഒറ്റ റൺസിൽ അവസാനിച്ചു.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഷാക്കിബ്-ലിറ്റൺ കൂട്ടുകെട്ട് ബംഗ്ലാദേശിനെ അതിവേഗം വിജയത്തിലേക്ക് നയിച്ചു. 99 പന്തിൽ നിന്നാണ് ഷാക്കിബ് 124 റൺസെടുത്തത്. 14 ഫോറുകളാണ് തന്റെ ഇന്നിങ്സിൽ താരം പറത്തിയത്. 69 പന്തുകൾ നേരിട്ട ലിറ്റൺ ദാസ് എട്ട് ഫോറും നാല് സിക്സും ഉൾപ്പടെ 94 റൺസെടുത്തു. ഗബ്രിയേലിനെ അടുത്തടുത്ത മൂന്ന് പന്തുകളിൽ ലിറ്റൺ സിക്സർ പായിച്ചതും മത്സരത്തിലെ എടുത്തുപറയേണ്ട നിമിഷങ്ങളിലൊന്നായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook