മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ അഫ്ഗാന്‍ താരം ഹഷ്മത്തുള്ള ഷാഹിദിയുടെ തലയ്ക്ക് പന്തു കൊണ്ടിരുന്നു. മാര്‍ക്ക് വുഡ് എറിഞ്ഞ 142 കിലോമീറ്റര്‍ വേഗതയുള്ള ബൗണ്‍സറാണ് ഷാഹിദിയുടെ ഹെല്‍മറ്റില്‍ കൊണ്ടത്. ഇതോടെ താരം നിലത്ത് വീണു. 54 പന്തുകളുമായി 24 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു പന്ത് കൊണ്ടത്.

നിലത്ത് വീണിട്ടും ക്രീസ് വിടാതെ കളി തുടര്‍ന്നത് അമ്മയെ വിഷമിപ്പിക്കാതിരിക്കാനാണെന്ന് ഷാഹിദി പറയുന്നു. ‘കഴിഞ്ഞ വര്‍ഷം എനിക്ക് പിതാവിനെ നഷ്ടമായി, അമ്മ വേദനിക്കുന്നത് സഹിക്കാനാവില്ല. കുടുംബാംഗങ്ങളെല്ലാം മത്സരം കാണുന്നുണ്ട്. മൂത്ത സഹോദരന്‍ ഗാലറിയിലുണ്ടായിരുന്നു. അവരാരും എന്നെയോര്‍ത്ത് ആശങ്കപ്പെടാതിരിക്കാനാണ് മൈതാനം വിടാതിരുന്നതെന്ന്’ മത്സരശേഷം ഹഷ്മത്തുള്ള ഷാഹിദി പറഞ്ഞു. ഗ്രൗണ്ട് വിടണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം മറികടന്നാണ് ഹഷ്മത്തുള്ള ക്രീസില്‍ തുടര്‍ന്നത്.

‘ബൗണ്‍സര്‍ കൊണ്ട് എന്റെ ഹെല്‍മറ്റ് പൊട്ടിയിരുന്നു. ഞാന്‍ വീണയുടനെ ഐസിസി ഡോക്ടര്‍മാരും ടീം ഫിസിയോയും ഓടിയെത്തി. ആ സമയം സഹതാരങ്ങളെ പിരിയാന്‍ മനസ് അനുവദിച്ചില്ല’ ഹഷ്മത്തുള്ള പറഞ്ഞു. പിന്നീട് 100 പന്തില്‍ 76 റണ്‍സെടുത്താണ് താരം പുറത്തായത്.

150 റൺസിനാണ് ഇംഗ്ലണ്ട് അഫ്ഗാനെ പരാജയപ്പെടുത്തിയത്. 398 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ ഇന്നിങ്സ് 247 റൺസിൽ അവസാനിച്ചു. വലിയ വിജയലക്ഷ്യം അനായസം പ്രതിരോധിച്ച് ജയിക്കാമെന്ന ഇംഗ്ലണ്ട് പ്രതീക്ഷകൾ അസ്ഥാനത്താക്കുന്നതായിരുന്നു അഫ്ഗാന്റെ പ്രകടനം. പേരുകേട്ട ഇംഗ്ലീഷ് ബോളിങ് നിരയ്ക്ക് മുന്നിൽ അവസാന ഓവർ വരെ ബാറ്റ് ചെയ്ത ശേഷമാണ് അഫ്ഗാൻ മത്സരത്തിൽ കീഴടങ്ങിയത്.

അത്രപെട്ടെന്ന് കീഴടങ്ങാൻ തയ്യാറല്ലെന്നുറപ്പിച്ചായിരുന്നു അഫ്ഗാനിസ്ഥാന്റെ ഓരോ ബാറ്റ്സ്മാന്മാരും ക്രീസിലേക്ക് എത്തിയത്. റൺസൊന്നും എടുക്കാതെ നൂർ അലി വീണെങ്കിലും തങ്ങളാലാകുന്നത് ചെയ്യാൻ പിന്നാലെ എത്തിയ ഓരോ താരങ്ങളും ശ്രമിച്ചു. നായകൻ ഗുൽബാദിൻ നയ്ബിനെയാണ് പിന്നീട് അഫ്ഗാന് നഷ്ടമായത്. 37 റൺസെടുത്ത ഗുൽബാദിൻ നയ്ബിനെ മാർക്ക് വുഡാണ് പുറത്താക്കിയത്. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് വീശുന്നതിനിടയിൽ അർധസെഞ്ചുറിക്ക് നാല് റൺസ് അകലെ റഹ്‌മത് ഷാ വീണത് അഫ്ഗാന് തിരിച്ചടിയായി.

നാലാമനായി ക്രീസിലെത്തിയ ഹഷ്മത്തുള്ള ഷാഹിദി അർധസെഞ്ചുറി തികച്ചെങ്കിലും ക്രീസിൽ അധികം ആയുസുണ്ടായില്ല. 100 പനന്തുകൾ നേരിട്ട താരം അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പടെ 76 റൺസുമായാണ് ക്രീസ് വിട്ടത്. മുൻ നായകൻ അസ്ഗർ അഫ്ഗാനൊപ്പം ചേർന്ന് നന്നായി കളിച്ച ഷാഹിദി ഒരുഘട്ടത്തിൽ അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ വരെ നൽകി. എന്നാൽ വെടിക്കെട്ട് ബാറ്റിങ്ങിന് കൂട്ടത്തിൽ ആളില്ലാത്തത് ടീമിന് തിരിച്ചടിയാകുകയായിരുന്നു. 44 റൺസിൽ അഫ്ഗാനും വീണതോടെ അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. എന്നാൽ വിക്കറ്റ് വലിച്ചെറിയാതെ കളിച്ച താരങ്ങൾ മത്സരം 50-ാം ഓവർ വരെ എത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook