ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ന്യൂസിലൻഡിന് എന്നാൽ പാക്കിസ്ഥാനെതിരെ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുമ്പോൾ കൂറ്റൻ അടികൾ തന്നെയാണ് വില്യംസണും സംഘവും ലക്ഷ്യംവച്ചത്. എന്നാൽ ഷാഹീൻ അഫ്രീദി എന്ന പത്തൊമ്പത്കാരന്റെ തീപാറും പന്തുകൾക്ക് മുമ്പിൽ കിവികളുടെ ചിറകുകൾ ഒന്നൊന്നായി അരിഞ്ഞുവീണു. ലോകകപ്പിലെ ഒരു കൗമാരക്കാരന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബോളിങ് പ്രകടനമാണ് ഷാഹീൻ പുറത്തെടുത്തത്.

മാർട്ടിൻ ഗുപ്റ്റിലിനെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത് മുഹമ്മദ് ആമിറാണെങ്കിലും പിന്നീട് ബോളിങ് ഉത്തരവാദിത്വം ഏറ്റെടുത്ത് ഷാഹീൻ കളം നിറഞ്ഞു. മൂന്ന് ന്യൂസിലൻഡ് താരങ്ങളെ പുറത്താക്കിയ താരം റൺറേറ്റ് നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ന്യൂസിലൻഡ് നിരയിലെ നിർണാകമായ മൂന്ന് വിക്കറ്റുകളാണ് ഷാഹീൻ അഫ്രീദി വീഴ്ത്തിയത്. ഓപ്പണർ കോളിൻ മുൻറോ, റോസ് ടെയ്‌ലർ, ടോം ലഥാം എന്നീ താരങ്ങളാണ് ഷാഹീന്റെ പന്തിൽ പുറത്തായത്.

മത്സരത്തിൽ ഒറ്റ ബൗണ്ടറി മാത്രമാണ് ഷാഹീൻ വഴങ്ങിയത്. അതും തന്റെ ആദ്യ ഓവറിൽ. പിന്നീട് താളം കണ്ടെത്തിയ ഷാഹീൻ കൃത്യതയാർന്ന പന്തുകളോടെ ന്യൂസിലൻഡ് താരങ്ങളെ നേരിട്ടു. ഏഴ് ഓവറുകൾ ഉൾപ്പെടുന്ന തന്റെ ആദ്യ സ്പെല്ലിൽ താരം വഴങ്ങിയത് കേവലം 11 റൺസായിരുന്നു. മൂന്ന് ഓവറുകൾ മെയ്ഡിനെറിഞ്ഞ താരം കിവി ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു. ആദ്യ ഏഴ് ഓവറിൽ ഒരു ഫോറും, ത്രീയും നാല് സിംഗിൾസും മൂന്ന് വിക്കറ്റും ഒഴിച്ച് നിർത്തിയാൽ കിവി താരങ്ങൾക്ക് ഷാഹിനെ മര്യാദക്ക് നേരിടാൻ പോലും സാധിച്ചില്ല.

ഷാഹീന്റെ പ്രകടനം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. സമൂമാധ്യമങ്ങളിലും നിറയെ ഷാഹീനുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളാണ്. മത്സരത്തിന് മുമ്പ് വസിം അക്രത്തിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളാണ് ഷഹീന്റെ പ്രകടനത്തിൽ നിർണായകമായതെന്നാണ് ഒരുകൂട്ടം ആരാധകരുടെ വാദം.

തുടക്കത്തിൽ പാക്കിസ്ഥാന്റെ ബോളിങ്ങിൽ വീണ ന്യൂസിലൻഡ് ജെയിംസ് നീഷാമിന്റെയും കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെയും ചെറുത്തുനിൽപ്പിൽ പാക്കിസ്ഥാനെതിരെ 237 റൺസ് നേടി. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കിവികൾ 237 എന്ന പ്രതിരോധിക്കാവുന്ന സ്കോറിലെത്തിയത്. 83റൺസിന് അഞ്ച് വിക്കറ്റെന്ന നിലയിൽ തകർന്നടിഞ്ഞ ന്യൂസിലൻഡിനെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook