ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യൻ ടീമിലെ ഒരു മുതിര്‍ന്ന താരം അനുവദനീയമായതിൽ കൂടുതൽ ദിവസം ഭാര്യയെ കൂടെ താമസിപ്പിച്ചത് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പരിശോധിക്കുന്നു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഏത് താരമാണ് ചട്ടം ലംഘിച്ചതെന്ന് വ്യക്തമല്ല. ലോകകപ്പ് ടൂര്‍ണമെന്റ് നടന്ന ഏഴ് ആഴ്ചക്കാലം താരത്തിന്റെ ഭാര്യ കൂടെ ഉണ്ടായിരുന്നു എന്നാണ് വിവരം. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്‌ലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്‍മ്മ എന്നിവര്‍ ഭാര്യമാരെ ലോകകപ്പിൽ ഒപ്പം കൂട്ടിയിരുന്നു.

വിദേശ പര്യടനത്തിന് 15 ദിവസം മാത്രമാണ് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ഭാര്യമാര്‍ക്ക് താമസിക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. ഇത് നീട്ടുന്നുണ്ടെങ്കില്‍ പരിശീലകനോടോ നായകനോടോ അനുവാദം വാങ്ങി ബിസിസിഐയെ അറിയിക്കണമെന്നാണ് ചട്ടം.

Read More: സ്വന്തമായി ട്രെയിന്‍ കോച്ച്, വാഴപ്പഴം, കൂട്ടായി ഭാര്യ; ലോകകപ്പ് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് കോഹ്ലിയും സംഘവും

ഭാര്യമാരെ കൂടാതെ കുട്ടികളേയും താരങ്ങൾ കൂടെ കൂട്ടുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ട് ആവാറുണ്ടെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ ലോകകപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ‘ടീമിന്റെ കൂടെയുളള സംഘത്തിന്റെ എണ്ണം കുറവാണെങ്കില്‍ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കും. ഫീല്‍ഡിന് പുറത്തുളള ഒരുക്കങ്ങള്‍ ചെയ്യാനും ബിസിസിഐ ജീവനക്കാര്‍ക്ക് സൗകര്യപ്രദമാകും. റൂമിന് ടിക്കറ്റ്ബുക്ക് ചെയ്യുന്നത് അടക്കമുളള കാര്യങ്ങള്‍ ചെയ്യുന്നത് ബിസിസിഐ ആണ്,’ ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിരാട് കോഹ്‌ലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ എന്നിവരുടെ ഭാര്യമാര്‍ നിരന്തരം ടീമിന്റെ കൂടെ പര്യടനത്തിന് പോവാറുണ്ട്. ഇവരുടെ യാത്രാ സൗകര്യവും താമസസൗകര്യവും ഒരുക്കുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. കൂടാതെ മത്സര ടിക്കറ്റുകളും ഇവര്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കേണ്ടി വരുന്നതും ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

‘കാര്യങ്ങള്‍ നേരായ രീതിയില്‍ ക്രമീകരിക്കുന്നതില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഇംഗ്ലണ്ടില്‍ ലോകകപ്പിലും കുടുംബങ്ങള്‍ താരങ്ങള്‍ക്കൊപ്പം ഉണ്ടെങ്കില്‍ ഇവരെ എല്ലാവരേയും കൈകാര്യം ചെയ്യുക എന്നത് വെല്ലുവിളിയാണ്. കുടുംബങ്ങള്‍ക്ക് മത്സര ടിക്കറ്റുകള്‍ ഒരുക്കുന്നത് പോലും ഏറെ ശ്രമകരമാണ്. അതിനൊക്കെ നിയമപരമായ കാര്യങ്ങളുണ്ട്. അല്ലാതെ പണത്തിന്റെ കാര്യമല്ല ഇവിടെ പ്രശ്നം,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നത് വരെ ഭാര്യമാരെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബിസിസിഐയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പല രാജ്യങ്ങളിലും ഇപ്പോള്‍ കുടുംബങ്ങളെ ടീമുകള്‍ക്കൊപ്പം വിടുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. 2007ല്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ആഷസ് പരാജയപ്പെട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ ബോര്‍ഡ് നടപടി എടുത്തിരുന്നു. മത്സരങ്ങള്‍ക്കിടെ കാമുകിമാര്‍ക്കും ഭാര്യമാര്‍ക്കും ഒപ്പം താരങ്ങള്‍ സമയം ചെലവിടുന്നത് കുറയ്ക്കണമെന്നാണ് അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച സമിതി നിർദേശിച്ചത്. ഇതിനെതിരെ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook