സതാംപ്ടണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് കോഹ് ലി പുറത്തായത്. 16ാം ഓവറില്‍ ഫെലുക്വായോയുടെ പന്തിലാണ് കോഹ്‌ലി പുറത്താകുന്നത്. ഫെലുക്വായോയുടെ പന്തില്‍ ബാറ്റ് വെച്ച് വിരാടിനെ നെടുനീളന്‍ ഡൈവിംഗിലൂടെ ഡികോക്ക് ക്യാച്ച് ചെയ്യുകയായിരുന്നു. സ്‌കോര്‍ 54 ലെത്തി നില്‍ക്കെയായിരുന്നു വിരാട് പുറത്താകുന്നത്. 18 റണ്‍സെടുത്താണ് വിരാട് പുറത്തായത്.നേരത്തെ കോഹ്ലിയുടെ ക്യാച്ചിലായിരുന്നു ഡികോക്കും പുറത്തായത്.

ദക്ഷിണാഫ്രിക്ക നേടിയ 227 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടി. ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ധവാന്‍ എട്ട് റണ്‍സ് നേടി കൂടാരം കയറിയപ്പോള്‍ കോഹ്ലി 18 റണ്‍സുമായി പുറത്തായി. രോഹിത് ശര്‍മയും ലോകേഷ് രാഹുലുമാണ് ഇപ്പോള്‍ ക്രീസില്‍. രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി കടന്നിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിച്ചപ്പോള്‍ ഇന്ത്യ 108-2 എന്ന നിലയിലാണ്. രോഹിത് 59 റണ്‍സും രാഹുല്‍ 20 റണ്‍സും നേടി ക്രീസിലുണ്ട്.

മധ്യനിരയും വാലറ്റവും ചെറുത്തു നിന്നതോടെയാണ് ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സാധിച്ചത്. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സുമായാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് അവസാനിച്ചത്. നാല് വിക്കറ്റുമായി സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ക്രിസ് മോറിസ് ചെറുത്തു നിന്നതോടെ ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലെത്തി.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ഹാഷിം അംലയേയും ക്വിന്റണ്‍ ഡികോക്കിനേയും പുറത്താക്കി പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്ക് മേല്‍ക്കൈ നേടി തന്നിരുന്നു. എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസെനും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് പതിയെ മുന്നോട്ട് നീങ്ങി. 20-ാം ഓവറില്‍ രണ്ട് പേരെയും പുറത്താക്കി ചാഹല്‍ വക ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ. ഡുപ്ലെസിസ് 38 റണ്‍സും ഡസെന്‍ 22 റണ്‍സുമായാണ് മടങ്ങിയത്. ശേഷം വന്ന ജെപി ഡുമിനിയെ അതിവേഗം കുല്‍ദീപ് മടക്കിയയച്ചു.

എന്നാല്‍ മധ്യനിരയില്‍ ഡേവിഡ് മില്ലറും ഫെഹ്ലക്വായോയും ചേര്‍ന്ന് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കായി പ്രതിരോധം തീര്‍ത്തു. രണ്ട് പേരേയും പുറത്താക്കി ചാഹല്‍ വീണ്ടും ഇന്ത്യയുടെ രക്ഷകനായി. മില്ലര്‍ 31 റണ്‍സും ഫെഹ്ലുക്വായോ 34 റണ്‍സുമായാണ് പുറത്തായത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് 200 കടക്കും മുമ്പു തന്നെ അവസാനിക്കുമെന്ന് കരുതിയെങ്കിലും ക്രിസ് മോറിസും കഗിസോ റബാഡയും തകര്‍ത്തടിച്ചതോടെ കളി മാറി. മോറിസ് 42 റണ്‍സും റബാഡ 31 റണ്‍സും നേടി. മോറിസ് രണ്ട് സിക്സും അടിച്ചു.

നാല് വിക്കറ്റുമായി യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക രണ്ട് കൂട്ടുകെട്ടുകള്‍ പൊളിച്ച ചാഹല്‍ എടുത്ത നാല് വിക്കറ്റുകളും പ്രധാനപ്പെട്ടതായിരുന്നു. ഓപ്പണര്‍മാരെ തുടക്കത്തിലെ മടക്കി അയച്ച ബുംറയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനുള്ള ഇന്ധനം നല്‍കിയത്. ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook