സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം ആഘോഷിക്കപ്പെടുമ്പോഴും മിഡില്‍ ഓര്‍ഡറില്‍ ധോണിയും കേദാര്‍ ജാഥവും കാഴ്ചവച്ച മെല്ലപ്പോക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. പ്രത്യേകിച്ചും മുതിര്‍ന്ന താരമായ ധോണിയുടെ സ്ലോ ഇന്നിങ്‌സാണ് ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇരുവരുടേയും മെല്ലപ്പോക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ മിഡില്‍ ഓര്‍ഡറിന്റെ പ്രകടനത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും സ്പിന്നിനെ അവര്‍ നേരിട്ട രീതി പ്രതീക്ഷ നല്‍കുന്നതായിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. അഫ്ഗാന്‍ സ്പിന്നര്‍മാരെ തടയാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യ 224 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്.

‘ഞാന്‍ കുറച്ച് ദുഖിതനാണ്. ഇതിലും നന്നാക്കാമായിരുന്നു. കേദാറും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടിലും ഞാന്‍ സന്തുഷ്ടനല്ല. അവര്‍ വളരെ പതുക്കെയാണ് കളിച്ത്. 34 ഓവര്‍ ബാറ്റ് ചെയ്തിട്ട് 119 റണ്‍സാണ് നേടിയത്. സ്പിന്നിനെ കളിക്കാനാകുന്നുണ്ടായിരുന്നില്ല. പോസിറ്റീവായ ഒന്നും ഉണ്ടായിരുന്നില്ല” സച്ചിന്‍ പറഞ്ഞു.

അഞ്ചാം വിക്കറ്റില്‍ ധോണിയും കേദാറും ചേര്‍ന്ന് 84 പന്തില്‍ 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ധോണി 36 പന്തില്‍ 24 റണ്‍സും കേദാര്‍ ജാഥവ് 48 പന്തില്‍ 31 റണ്‍സും കൂട്ടിച്ചേര്‍ത്തു.

”2-3 അതോ അതില്‍ കൂടുതലോ ഡോട്ട് ബോളുകളുണ്ടായിരുന്ന. 38ാം ഓവറില്‍ വിരാട് പുറത്തായതിന് ശേഷം 45-ാം ഓവര്‍ വരെ കാര്യമായി സ്‌കോര്‍ ചെയ്തിരുന്നില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ മിഡില്‍ ഓര്‍ഡറില്‍ കാര്യമായ പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതും സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അനുഭവ സമ്പത്തുള്ള ധോണി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമായിരുന്നുവെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.” കേദാര്‍ ജാഥവ് സമ്മര്‍ദ്ദത്തിലായിരുന്നു. അവന്‍ ഇതുവരെ കളിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റാരെങ്കിലും സാഹചര്യം മനസിലാക്കി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നു. പക്ഷെ അതുണ്ടായില്ല. കേദാറും ധോണിയും വേണ്ടി സ്‌ട്രൈക്ക് റേറ്റിലായിരുന്നില്ല കളിച്ചിരുന്നത്. ആ ഓവറുകള്‍ നന്നായി കളിച്ചിരുന്നുവെങ്കില്‍ കേദാറിന് സമ്മര്‍ദ്ദമുണ്ടാകുമായിരുന്നില്ല” സച്ചിന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook