അഫ്ഗാനിസ്ഥാനെതിരായ കളിയില്‍ ഇന്ത്യ ജയിച്ചെങ്കിലും മധ്യനിരയുടെ മെല്ലെപ്പോക്ക് ബാറ്റിങ് വിമര്‍ശന വിധേയമായിരുന്നു. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് റണ്‍ കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയതിനെതിരെ ആരാധകരില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ഒരുപോലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിഹാസ താരം സച്ചിനും ഇരുവരേയും വിമര്‍ശിച്ചു. ഇതിനിപ്പോള്‍ ധോണി ആരാധകര്‍ സച്ചിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

‘ഞാന്‍ കുറച്ച് ദുഃഖിതനാണ്. ഇതിലും നന്നാക്കാമായിരുന്നു. കേദാറും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടിലും ഞാന്‍ സന്തുഷ്ടനല്ല. അവര്‍ വളരെ പതുക്കെയാണ് കളിച്ചത്. 34 ഓവര്‍ ബാറ്റ് ചെയ്തിട്ട് 119 റണ്‍സാണ് നേടിയത്. സ്പിന്നിനെ കളിക്കാനാകുന്നുണ്ടായിരുന്നില്ല. പോസിറ്റീവായ ഒന്നും ഉണ്ടായിരുന്നില്ല” എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.

അഞ്ചാം വിക്കറ്റില്‍ ധോണിയും കേദാറും ചേര്‍ന്ന് 84 പന്തില്‍ 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ധോണി 36 പന്തില്‍ 24 റണ്‍സും കേദാര്‍ ജാദവ് 48 പന്തില്‍ 31 റണ്‍സും കൂട്ടിച്ചേര്‍ത്തു.

”2-3 അതോ അതില്‍ കൂടുതലോ ഡോട്ട് ബോളുകളുണ്ടായിരുന്നു. 38-ാം ഓവറില്‍ വിരാട് പുറത്തായതിന് ശേഷം 45-ാം ഓവര്‍ വരെ കാര്യമായി സ്‌കോര്‍ ചെയ്തിരുന്നില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ മിഡില്‍ ഓര്‍ഡറില്‍ കാര്യമായ പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതും സമ്മർദം കൂട്ടുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അനുഭവ സമ്പത്തുള്ള ധോണി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമായിരുന്നുവെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.” കേദാര്‍ ജാദവ് സമ്മർദത്തിലായിരുന്നു. അവന്‍ ഇതുവരെ കളിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റാരെങ്കിലും സാഹചര്യം മനസിലാക്കി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നു. പക്ഷെ അതുണ്ടായില്ല. കേദാറും ധോണിയും സ്ട്രൈക്ക് റേറ്റിലായിരുന്നില്ല കളിച്ചിരുന്നത്. ആ ഓവറുകള്‍ നന്നായി കളിച്ചിരുന്നുവെങ്കില്‍ കേദാറിന് സമ്മർദമുണ്ടാകുമായിരുന്നില്ല” സച്ചിന്‍ പറഞ്ഞു. താരത്തിന്റെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ധോണി ആരാധകരില്‍ നിന്നും പ്രതിഷേധം ശക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook