ഇന്ന് ഉച്ച കഴിഞ്ഞ് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറേറുമുട്ടുന്നതോടെ ക്രിക്കറ്റിന്റെ വിശ്വ മഹോത്സവത്തിന് തുടക്കമാകും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായണ്. 2011 ല്‍ ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ മൂന്നാം തവണ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ലോകകപ്പെത്തുമ്പോള്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് സാക്ഷാല്‍ സച്ചിനെയാകും. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുന്തൂണായിരുന്ന സച്ചിന് 2011 ലോകകപ്പിലാണ് അവസാനം കളിച്ചത്.
സച്ചിന് ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയുമായാണ് 2019 ലോകകപ്പ് ആരംഭിക്കുന്നത്. ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞെങ്കിലും ക്രിക്കറ്റിനോട് സച്ചിന് ഇപ്പോഴും യാത്ര പറഞ്ഞിട്ടില്ല. ഈ ലോകകപ്പോടെ സച്ചിന് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയാണ്. പുതിയ റോള്‍ കമന്റേറ്ററുടേതാണ്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് കമന്ററി പറയാന്‍ സച്ചിന് കമന്ററി ബോക്സിലുണ്ടാകും. സച്ചിന് ഓപ്പണ്‍ എഗെയിന്‍ എന്ന പരുപാടിയിലൂടെ മത്സരത്തിന് മുന്നോടിയായി സച്ചിനെത്തും.
അതേസമയം, ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സതാംപ്ടണില്‍ എത്തി. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സതംപ്ടണിലെ ഹാംപ്ഷൈര്‍ ബൗള്‍ സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്കക്കെതിരെ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം അംഗങ്ങളും ആരാധകരും.
സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്ത് കാട്ടാന്‍ ഇന്ത്യന്‍ സംഘത്തിനായി.
രാഹുലിന്റെയും മുന്നായകന് ധോണിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവില്‍ 360 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിലൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 359 റണ്‍സിലെത്തിയത്. 99 പന്തില്‍ 108 റണ്‍സ് നേടിയ ശേഷമാണ് രാഹുല്‍ ക്രീസ് വിട്ടത്. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. 78 പന്തുകളില്‍ നിന്നും 113 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ധോണി കഴിഞ്ഞ ദിവസം പുറത്തെടുത്തത്.
ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ല്‍സുമാണ് വേദിയൊരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ക്ക് വോദിയാകുന്നത്. 1975, 1979, 1983, 1999 വര്‍ഷങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഉദ്ഘാടന മത്സരം ഓവലിലും, ഫൈനല്‍ പോരാട്ടം ക്രിക്കറ്റിന്റെ കളിതൊട്ടില്‍ എന്നറിയപ്പെടുന്ന ലോര്‍ഡ്സ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. മെയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപോരാട്ടം ജൂലൈ 14നാണ്.