മാഞ്ചസ്റ്റര്‍: ഇന്നലെ പെയ്ത മഴയില്‍ തണുത്തിരിക്കുന്ന മാഞ്ചസ്റ്ററിലെ മൈതാനത്തെ പുല്‍നാമ്പുകളില്‍ അഗ്നി പടര്‍ത്തി രോഹിത് ശര്‍മ്മ. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ കൊടുങ്കാറ്റ് കണക്കെ ആഞ്ഞു വീശുകയായിരുന്നു രോഹിത്. വെടിക്കെട്ട് ഇന്നിങ്‌സിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് സച്ചിനെ അനുസ്മരിപ്പിക്കുന്ന രോഹിത്തിന്റെ ഷോട്ടായിരുന്നു.

ഇന്ത്യാ-പാക് ലോകകപ്പ് പോരാട്ടങ്ങളിലെ മറാക്കാനാവാത്ത ഓര്‍മ്മകളിലൊന്നാണ് 2003 ലെ പോരാട്ടം. അതില്‍ തന്നെ ഷൊയ്ബ് അക്തറിനെതിരെ സച്ചിന്‍ നേടിയ അപ്പര്‍ കട്ട് ക്രിക്കറ്റ് ലോകത്തെ ഇന്നും ആവേശഭരിതരാക്കുന്നതാണ്. സമാനമായൊരു അപ്പര്‍ കട്ട് രോഹിത് ഇന്ന് അടിച്ചു. ഹസന്‍ അലിക്കെതിരെയായിരുന്നു രോഹിത്തിന്റെ അപ്പര്‍ കട്ട്.

Read More: മുന്നില്‍ നിന്നടിച്ച് മുന്‍നിര; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഷോട്ടുകളിലെ സാമ്യത വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെട്ടു. ട്വിറ്ററില്‍ രണ്ട് ഷോട്ടുകളേയും താരതമ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഈ ലോകകപ്പില്‍ കളിച്ച മൂന്ന് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സ് നേടി, അതില്‍ രണ്ടും സെഞ്ചുറി ലോകകപ്പില്‍ ആവേശം തീര്‍ക്കുകയാണ് ഹിറ്റ്മാന്‍. പാക്കിസ്ഥാന്‍ ബോളര്‍മാരെ കൊണ്ട് ഇന്ന് മാഞ്ചസ്റ്ററിലെ ഗ്രൗണ്ടിന്റെ അളവെടുപ്പിച്ചു രോഹിത്.

സ്വപ്‌ന തുല്യമായ തുടക്കാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. പാക്കിസ്ഥാനെതിരെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ന് മാഞ്ചസ്റ്ററില്‍ പിറന്നത്. ഇരുവരും ചേര്‍ന്ന് 136 റണ്‍സ് നേടി. 57 റണ്‍സെടുത്തു നിന്ന രാഹുലിനെ വഹാബ് റിയാസ് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.

Also Read: മഴയത്തും അണയാത്ത തീയായി രോഹിത്; മാഞ്ചസ്റ്ററില്‍ റെക്കോര്‍ഡുകള്‍ കടപുഴകി വീണു

രാഹുല്‍ പുറത്തായെങ്കിലും രോഹിത് ഫോം തുടര്‍ന്നു. നായകന്‍ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത് വീണ്ടും കത്തിക്കയറി. 85 പന്തുകളില്‍ നിന്നും രോഹിത് സെഞ്ചുറി കടന്നു. 113 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്‌സും 14 ഫോറുമടക്കം 140 റണ്‍സാണ് നേടിയത്. രോഹിത്തിനെ ഹസന്‍ അലിയാണ് മടക്കി അയച്ചത്. രോഹിത് പുറത്തായതോടെ വിരാട് കോഹ്‌ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും വടിയേറ്റു വാങ്ങി അടി തുടര്‍ന്നു. ഇന്നത്തെ പ്രകടനത്തോടെ നിരവധി റെക്കോര്‍ഡുകളാണ് രോഹിത് ശര്‍മ്മ തിരുത്തി എഴുതിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook