വിൻഡീസിനെതിരെ സാവധാനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർ രോഹിത് ശർമ്മ സ്കോറിങ്ങിന്റെ വേഗത കൂട്ടുന്നതിനിടയിലാണ് പുറത്തായത്. കെമര്‍ റോച്ചിന്റെ പന്തില്‍ കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 18 റണ്‍സുമായാണ് രോഹിത് പുറത്തായത്. ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചപ്പോള്‍ ഡിആര്‍എസിലൂടെയായിരുന്നു ഔട്ട് വിധിച്ചത്. എന്നാൽ ഇത് ഔട്ടാല്ലയെന്ന് പിന്നീട് മനസിലാകുകയും ചെയ്തു. ഇതിനെതിരെ ക്രിക്കറ്റ് ലോകം രംഗത്തെത്തുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ സംഭവത്തോട് രോഹിത് ശർമ്മ തന്നെ പ്രതികരിച്ചിരിക്കുകയാണ്.

തന്റെ ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ പന്ത് പുറകിലോട്ട് പോകുന്ന ഫോട്ടോ പങ്കുവച്ചാണ് രോഹിത് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. ഇരു ചിത്രങ്ങളിൽ നിന്നും പന്ത് പാഡിലാണ് തട്ടുന്നതെന്ന് വ്യക്തമാണ്. ഇതോടൊപ്പം ക്യാപ്ഷനായി രണ്ട് ഇമോജിയും രോഹിത് ഉപയോഗിച്ചിരിക്കുന്നു.

റിവ്യൂവിൽ അള്‍ട്രാ എഡ്ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. അത്ഭുതത്തോടെയാണ് രോഹിത് മൂന്നാം അംപയറുടെ തീരുമാനത്തോട് പ്രതികരിച്ചത്. രോഹിത് മാത്രമല്ല ആരാധകരും മുൻതാരങ്ങളും അടങ്ങുന്ന ക്രിക്കറ്റ് ലോകം തേർഡ് അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി.

രോഹിത്തിനെ പുറത്താക്കിയത് തെറ്റായ തീരുമാനമാണെന്ന് മുന്‍ താരങ്ങളടക്കം അഭിപ്രായപ്പെടുന്നുണ്ട്. മുന്‍ താരം ബ്രാഡ് ഹോഗ്ഗ് അടക്കമുള്ളവര്‍ രോഹിത് പുറത്തായിരുന്നില്ലെന്ന് പറയുന്നു. പുറത്തായതിന് പിന്നാലെ ഡ്രസ്സിങ് റൂമിലെത്തിയ ശേഷം രോഹിത് പുറത്താകലിന്റെ ദൃശ്യങ്ങള്‍ വീണ്ടും കാണുന്നതും നിരാശപ്പെടുന്നതിന്റേയും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

അത്തരത്തിൽ സംശയം നിലനിൽക്കുമ്പോൾ ഫീൾഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം വേണം പോകാനെന്നായിരുന്നു മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ വിവിഎസ് ലക്ഷമണിന്റെ വാദം. ഈ ലോകകപ്പിൽ തന്നെ വിരാട് കോഹ്‌ലിയുടെയും അത്തരത്തിലൊരു പുറത്താകൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഡിആർഎസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും തെറ്റ് പറ്റുന്നതിനെതിരെ വലിയ വിമർശമാണ് ഉയരുന്നത്.

വിൻഡീസിനെ 125 റൺസിന് തോൽപ്പിച്ച ഇന്ത്യ ലോകകപ്പ് സെമിയും ഏകദേശം ഉറപ്പിച്ചു. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുർന്ന വിൻഡീസ് പോരാട്ടം 143 റൺസിൽ അവസാനിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരാനിറങ്ങി വിൻഡീസിനെ അതിലും ചെറിയ സ്കോറിലൊതുക്കിയ ഇന്ത്യൻ ബോളിങ് നിരയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ സ്ഥാനമുറപ്പിക്കാം.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുൽദീപ് യാദവിനും ഹാർദിക് പാണ്ഡ്യയ്ക്കുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ. നിർണായക ഘട്ടത്തിൽ അർധസെഞ്ചുറി പ്രകടനം പുറത്തെടുത്ത നായകൻ കോഹ്‌ലിയാണ് കളിയിലെ താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook