മാഞ്ചസ്റ്റര്‍: പാക് ബോളര്‍മാരെ കണക്കിന് പ്രഹരിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരേയും മലര്‍ത്തിയടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ അരങ്ങേറിയത് രസകരമായ സംഭവമായിരുന്നു.

ഇന്ത്യയോട് കൂടി പരാജയപ്പെട്ടതോടെ ക്രിക്കറ്റ് ആരാധകരില്‍ നിന്നും ക്രിക്കറ്റ് പണ്ഡിതരില്‍ നിന്നുമെല്ലാം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. അതിനാല്‍ എന്ത് ഉപദേശമാണ് പാക്കിസ്ഥാന്‍ ടീമിന് നല്‍കാനുള്ളതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇതിന് രോഹിത് ശര്‍മ്മ നല്‍കിയത് രസകരമായ ഉത്തരമായിരുന്നു.

”ഞാന്‍ പാക്കിസ്ഥാന്റെ കോച്ച് ആവുമ്പോള്‍ ഉത്തരം നല്‍കാം” എന്നായിരുന്നു രോഹിത് നല്‍കിയ മറുപടി. രോഹിത്തിന്റെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ഇന്ത്യ പാക്കിസ്ഥാനെ ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും പരാജയപ്പെടുത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയുമടക്കം 319 റണ്‍സാണ് രോഹിത്തിന്റെ ലോകകപ്പിലെ സമ്പാദ്യം.

അതേസമയം, 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 89 റണ്‍സകലെ പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook