മാഞ്ചസ്റ്റര്‍: ലോകകപ്പോടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര കരിയറും അവസാനിക്കുമോ എന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാണിപ്പോള്‍. എല്ലാ ഐസിസി ട്രോഫികളും നേടിയ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് ധോണി. അതുകൊണ്ട് തന്നെ വികാരഭരിതമായിരിക്കും ആ വിടവാങ്ങലും.

2011 ല്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചാണ് ധോണി ലോകകപ്പ് കിരീടമുയര്‍ത്തിയത്. ഇന്ന് തന്റെ കരിയറിന്റെ അവസാന നാളുകളിലുള്ള ധോണിക്കായി കിരീടമുയര്‍ത്തുക എന്നതാണ് ഇന്ത്യയുടെ സ്വപ്നം. ഇന്ത്യന്‍ ഓപ്പണറും ലോകകപ്പിലെ ടോപ് സ്‌കോററുമായി രോഹിത് ശര്‍മ്മയുടെ ആഗ്രഹവും അതു തന്നെയാണ്. ധോണിക്കുള്ള സമ്മാനമായിരിക്കും ഈ ലോകകപ്പെന്നാണ് രോഹിത് പറയുന്നത്.

രോഹിത്തിന്റെ മുന്‍ പരിശീലകനായ ദിനേശ് ലാഡും ഇതു തന്നെ അഭിപ്രായപ്പെടുന്നു. ”രോഹിത്തിനെ ഓപ്പണിങ്ങിലേക്ക് പ്രൊമോട്ട് ചെയ്തത് ധോണിയാണ്. അവിടുന്നങ്ങോട്ടാണ് രോഹിത്തിന്റെ കരിയര്‍ മാറുന്നത്. ധോണിയുടെ അവസാന ലോകകപ്പെന്ന നിലയില്‍ അദ്ദേഹത്തിന് ഈ ലോകകപ്പ് സമ്മാനിക്കുകയാണ് രോഹിത്തിന്റെ ആഗ്രഹം” ദിനേശ് ലാഡ് പറയുന്നു.

നേരത്തെ മധ്യനിരയില്‍ ഇറങ്ങിയിരുന്ന രോഹിത് സ്ഥിരമായി വിക്കറ്റ് അനാവശ്യമായി വലിച്ചെറിഞ്ഞിരുന്നു. 2013 ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ധോണി രോഹിത്തിനെ ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് രോഹിത്തിന്റെ കരിയര്‍ തന്നെ മാറുന്നത്.

അതേസമയം, ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ തുടക്കത്തില്‍ തന്നെ കിവികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലേക്ക് മാറുകയായിരുന്നു.

തുടക്കത്തില്‍ ഗപ്റ്റിലിനെ നഷ്ടമായതോടെ ഉലഞ്ഞ ന്യൂസിലന്‍ഡ് നായകന്‍ വില്യംസണിന്റെ ചെറുത്തു നില്‍പ്പില്‍ തിരികെ വരുന്ന കാഴ്ചയാണ് മാഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ കാണാനാകുന്നത്. വില്യംസണ്‍ അര്‍ധ സെഞ്ചുറിയ്ക്ക് പിന്നാലെ പുറത്തായി. 67 റണ്‍സെടുത്താണ് വില്യംസണ്‍ പുറത്താകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook