ലോകകപ്പിൽ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യ ജയങ്ങളിൽ നിർണായക പങ്കുവഹിക്കുകയാണ് രോഹിത് ശർമ്മ എന്ന ഓപ്പണർ. ഈ ലോകകപ്പിൽ ഇതുവരെ അഞ്ച് സെഞ്ചുറികൾ തികച്ച താരം പല റെക്കോർഡുകളും തിരുത്തിയെഴുതി കഴിഞ്ഞു. അതിൽ തന്നെ പലതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പല റെക്കോർഡുകളുമാണ്.

ലോകകപ്പിൽ സെമിഫൈനലും ഫൈനലുമുൾപ്പടെ രണ്ട് മത്സരങ്ങൾകൂടി അവശേഷിക്കുമ്പോൾ ഇനിയും രോഹിത്തിന് മുന്നിൽ തകർക്കാൻ ഒരുപിടി റെക്കോർഡുകളുണ്ട്. അതും സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ രോഹിത്തിന് ഒരു സെഞ്ചുറി കൂടി സ്വന്തമാക്കിയാൽ സച്ചിനെ മറികടക്കാൻ സാധിക്കും. സച്ചിനും രോഹിത്തും ആറ് ലോകകപ്പ് സെഞ്ചുറികളുണ്ട്. ആറ് ലോകകപ്പുകളില്‍ നിന്നും സച്ചിന്‍ നേടിയ സെഞ്ചുറികള്‍ക്കൊപ്പം രോഹിത് എത്തിയത് രണ്ട് ലോകകപ്പ് മാത്രം കളിച്ചാണ്.

Also Read: അത്യുന്നതങ്ങളില്‍ ഹിറ്റ്മാന്‍; സെഞ്ചുറിയില്‍ ചരിത്രനേട്ടവുമായി രോഹിത്

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിലും സച്ചിനെ മറികടക്കാൻ രോഹിത്തിന് സാധിക്കും. രോഹിത്തിന്റെ ഈ ലോകകപ്പിലെ സമ്പാദ്യം 647 റണ്‍സാണ്. ഒരു ലോകകപ്പില്‍ 600 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമാണ് രോഹിത്. മുന്നിലുള്ള മാത്യു ഹെയ്ഡന് 659 റണ്‍സും സച്ചിന് 673 റണ്‍സുമാണ് ഉള്‌ളത്. ഈ ലോകകപ്പില്‍ തന്നെ രോഹിത്തിന് ഇത് തകര്‍ക്കാന്‍ അവസരമുണ്ട്.

ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന നാലമത്തെ താരമാകനുള്ള അവസരവും രോഹിത്തിനെ കാത്തിരിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് ഈ പട്ടികയിലും മുന്നിൽ. 44 ഇന്നിങ്സുകളിൽ നിന്ന് 2278 റൺസ് നേടിയ സച്ചിൻ ബഹുദൂരം മുന്നിലാണ്. 21 ഇന്നിങ്സുകളിൽ നിന്ന് 1006 റൺസ് നേടിയ സൗരവ് ഗാംഗുലിയാണ് 1000 റൺസ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം.

Also Read: ദാദയെ മറികടന്ന് സച്ചിന് പിന്നാലെ കുതിച്ച് കോഹ്‌ലി; ലോകകപ്പിൽ റെക്കോർഡ് തിരുത്തി ഇന്ത്യൻ നായകൻ

25 ഇന്നിങ്സുകളിൽ നിന്ന് 1029 റൺസാണ് ഇതുവരെയുള്ള കോഹ്‌ലിയുടെ സമ്പാദ്യം. 16 ഇന്നിങ്സുകളിൽ നിന്ന് 977 റൺസാണ് രോഹിത് ശർമ്മയുടെ ഇതുവരെയുള്ള സമ്പാദ്യം.23 റൺസ് കൂടി നേടിയാൽ ലോകകപ്പിലെ ഇന്ത്യയുടെ എലൈറ്റ് ക്ലാസിലേക്ക് രോഹിതും ഉയർത്തപ്പെടും.

ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ന്യൂസിലൻഡിനെ നേരിടാനിറങ്ങുമ്പോൾ ഒരിക്കൽ കൂടി രോഹിത്തിന്റെ ബാറ്റ് താളം കണ്ടെത്തിയാൽ ഇങ്ങനെ റെക്കോർഡുകൾ ഒന്നൊന്നായി തകർന്ന് വീഴുമെന്ന് ഉറപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook