ലോകകപ്പിൽ സെമിയുറപ്പിക്കാനിറങ്ങി ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയ തോൽവിയാണ് വഴങ്ങിയത്. കൈയ്യെത്തും ദൂരത്തെ വിജയം ഇന്ത്യ മനഃപൂർവ്വം നഷ്ടപ്പെടുത്തുകയായിരുന്നു എന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയരുന്ന ആരോപണം. അതിന് കാരണം ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പോരായ്മകൾ തന്നെയാണ്. തുടക്കത്തിൽ റൺസ് കണ്ടെത്താൻ സാധിക്കാതെ പോയ ഇന്ത്യ അവസാന ഘട്ടത്തിൽ വിജയലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചെങ്കിലും ബൗണ്ടറികൾ പിറക്കാതെ വന്നതോടെ ലക്ഷ്യം പൂർത്തിയാക്കാനായില്ല.

ഇന്ത്യൻ ടീമിൽ അപ്രതീക്ഷിതമായി സ്ഥാനം പിടിച്ച ഋഷഭ് പന്തിനും തിളങ്ങാനായില്ല. ഇതോടെ ആരാധകർ പന്തിനെതിരെയും മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെയും തിരിഞ്ഞു. മുമ്പ് അഞ്ച് ഏകദിന മത്സരങ്ങൾ മാത്രം കളിച്ച് പരിചയമുള്ള പന്തിനെ നാലാം നമ്പരിൽ ഇറക്കിയതാണ് ആരാധകരെ പ്രധാനമായും ചൊടിപ്പിച്ചത്. നിർണായക ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യയെ പോലുള്ള താരങ്ങളാണ് നാലാം നമ്പരിൽ ഇറക്കേണ്ടതെന്നാണ് ഒരുകൂട്ടർ ആവശ്യപ്പെടുന്നത്.

ഇങ്ങനെ പന്ത് ചർച്ചയാകുന്നതിനിടയിലാണ് ഇന്ത്യൻ ഉപനായകനും ഇംഗ്ലണ്ടിനെതിരെ സെഞ്ചുറിയും തികച്ച ഓപ്പണർ രോഹിത് ശർമ്മയോട് പന്തുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകുടെ ചോദ്യം. ഹാർദിക്കിനെ പോലൊരു താരം പവലിയനിൽ ഇരിക്കുമ്പോൾ പന്തിനെ നാലാം നമ്പരിൽ ഇറക്കിയതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകന് രസകരമായി മറുപടി നൽകി രോഹിത്.

” നിങ്ങളുടെ ആവശ്യമായിരുന്നല്ലോ പന്ത് കളിക്കുക എന്നത്. ഇന്ത്യയിൽ നിന്ന് പുറപ്പെട്ടപ്പോൾ മുതൽ ഋഷഭ് പന്ത് എവിടെ? ഋഷഭ് പന്ത് എവിടെ? എന്ന് നിങ്ങൾ ചോദിച്ചു. പന്ത് ഇതാ ഇവിടെ, നാലാം നമ്പരിൽ,” രോഹിത് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇതോടെ പാഴായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook