സതാംപ്ടണ്‍: എംഎസ് ധോണിയുടെ ‘ബലിദാന്‍’ ചിഹ്നമുള്ള ഗ്ലൗസിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് രോഹിത്തിന്റെ പ്രതികരണം.

”എനിക്കതിനെ കുറിച്ച് ഒന്നും അറിയില്ല. ഞാന്‍ ക്യാപ്റ്റനല്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്കൊന്നും പറയാനുമില്ല. നാളെ എന്താകുമെന്ന് കണ്ടറിയാം” എന്നായിരുന്നു ഇന്ത്യന്‍ ഉപനായകന്റെ പ്രതികരണം.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയുടെ ഗ്ലൗസിനെ സംബന്ധിച്ച വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സിഒഎ നേരത്തെ രംഗത്തെത്തിയിരുന്നു. ഐസിസിയുടെ നിയമങ്ങളെ ബിസിസിഐ ബഹുമാനിക്കുമെന്നും അനുസരിക്കുമെന്നും സിഒഎ തലവന്‍ വിനോദ് റായി. ഇന്നലെ ധോണിയെ വിവാദ ഗ്ലൗസ് ധരിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി വഴങ്ങിയില്ല.

”ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഞങ്ങള്‍ ഐസിസിയുടെ നിയമങ്ങള്‍ പാലിക്കും. നിയമത്തിനെതിരെ പോകാന്‍ താല്‍പര്യമില്ല” വിനോദ് റായി പറഞ്ഞു. ധോണി താരങ്ങളുടെ ജഴ്‌സിയുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതായി ഐസിസി കണ്ടെത്തിയിരുന്നു.

”ഇതൊരു മതപരമായതോ വാണിജ്യപരമായതോ ആയ വിഷയമല്ല. ഐസിസി അനുവദിക്കുന്നില്ലെങ്കില്‍ അത് പാലിക്കുക തന്നെ ചെയ്യും. ഇതില്‍ ദേശീയതയുമായി ബന്ധമില്ല. വ്യക്തിപരമായൊരു സന്ദേശം മാത്രമായിരുന്നു അത്. അത്രയേയുള്ളൂ. അതിനാല്‍ ഐസിസി പറയുന്നത് പോലെ ചെയ്യും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ധോണി ഗ്ലൗസിലെ ലോഗോയ്ക്ക് മുകളില്‍ ടേപ്പ് ഒട്ടിച്ചായിരിക്കും അടുത്ത മത്സരത്തിനിറങ്ങുക എന്നാണ് അറിയുന്നത്.

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോണി കളിച്ചതാണ് വിവാദമായത്. സംഭവത്തില്‍ ധോണിയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗത ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഐസിസിയുടെ ജോലി ക്രിക്കറ്റ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് മാത്രമാണെന്നും അല്ലാതെ ആരൊക്കെ ഗ്ലൗസ് ധരിക്കുന്നുണ്ടോ അതില്‍ എന്തെങ്കിലും അടയാളമുണ്ടോ എന്നു നോക്കലുമല്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

കൂടുതല്‍ ബോളിങ് സൗഹൃദപരമായ പിച്ചുകള്‍ ഉണ്ടാക്കുന്നതിലാണ് ഐസിസി ശ്രദ്ധിക്കേണ്ടതെന്നും എല്ലാ മത്സരത്തിലും 300 കൂടുതല്‍ സ്‌കോര്‍ വരുന്ന രീതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ഗ്ലൗസുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook