ഐപിഎല്ലില്‍ ഫോമിലേക്ക് ഉയരാനാകാതെ ആരാധകരുടെ പഴി കേട്ട ലോകകപ്പില്‍ കത്തിക്കയറുകയാണ്. കളിച്ച മൂന്ന് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സ് നേടി, അതില്‍ രണ്ടും സെഞ്ചുറി ലോകകപ്പില്‍ ആവേശം തീര്‍ക്കുകയാണ് ഹിറ്റ്മാന്‍. പാക്കിസ്ഥാന്‍ ബോളര്‍മാരെ കൊണ്ട് ഇന്ന് മാഞ്ചസ്റ്ററിലെ ഗ്രൗണ്ടിന്റെ അളവെടുപ്പിച്ചു രോഹിത്.

സ്വപ്‌ന തുല്യമായ തുടക്കാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. പാക്കിസ്ഥാനെതിരെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ന് മാഞ്ചസ്റ്ററില്‍ പിറന്നത്. ഇരുവരും ചേര്‍ന്ന് 136 റണ്‍സ് നേടി. 57 റണ്‍സെടുത്തു നിന്ന രാഹുലിനെ വഹാബ് റിയാസ് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.

Read More: ആനമണ്ടത്തരം! രോഹിത് ശര്‍മ്മയെ പുറത്താക്കാനുള്ള അവസരം നശിപ്പിച്ച് പാക് താരങ്ങള്‍

രാഹുല്‍ പുറത്തായെങ്കിലും രോഹിത് ഫോം തുടര്‍ന്നു. നായകന്‍ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത് വീണ്ടും കത്തിക്കയറി. 85 പന്തുകളില്‍ നിന്നും രോഹിത് സെഞ്ചുറി കടന്നു. 113 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്‌സും 14 ഫോറുമടക്കം 140 റണ്‍സാണ് നേടിയത്. രോഹിത്തിനെ ഹസന്‍ അലിയാണ് മടക്കി അയച്ചത്. രോഹിത് പുറത്തായതോടെ വിരാട് കോഹ്‌ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും വടിയേറ്റു വാങ്ങി അടി തുടര്‍ന്നു. ഇന്നത്തെ പ്രകടനത്തോടെ നിരവധി റെക്കോര്‍ഡുകളാണ് രോഹിത് ശര്‍മ്മ തിരുത്തി എഴുതിയത്.

കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഇതോടെ രോഹിത് നേടിക്കഴിഞ്ഞിരിക്കുന്നു. പാക്കിസ്ഥാനെതിരെ 113 പന്തില്‍ 140 റണ്‍സടിച്ച രോഹിത് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും സ്വന്തമാക്കി. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ശേഷം ഏകദിനങ്ങളില്‍ അതിവേഗം 24 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരവുമായി രോഹിത്.

കെ എല്‍ രാഹുലുമൊത്ത് ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രോഹിത് രണ്ടാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിരാട് കോലിക്ക് ശേഷം ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും രോഹിത് ഇന്ന് സ്വന്തമാക്കി. ഇതോടെ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്നതും രോഹിത്തിന്റെ പേരില്‍. കോഹ്‌ലി 107 റണ്‍സാണ് കഴിഞ്ഞ ലോകകപ്പില്‍ നേടിയത്. പാക് താരത്തിന്റെ റെക്കോര്‍ഡ് സയ്യിദ് അന്‍വറിന്റെ 101 റണ്‍സിനാണ്.

Also Read: റെക്കോർഡുകൾ വീണ്ടും പഴങ്കഥ; സച്ചിനെ മറികടന്ന് വിരാടിന്റെ തേരോട്ടം തുടരുന്നു

പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി രോഹിത് ശര്‍മ്മ. ഏഷ്യാകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ രോഹിത് 111 റണ്‍സ് നേടിയിരുന്നു.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള രണ്ടാമത്തെ മികച്ച സ്‌കോറാണിത്. 143 റണ്‍സെടുത്ത ആന്‍്ഡ്രൂ സൈമണ്ട്‌സിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ ശിഖര്‍ ധവാനൊപ്പമെത്തുകയും ചെയ്തു രോഹിത്. രണ്ട് പേര്‍ക്കും നാല് സെഞ്ചുറികളുണ്ട്.

ഇതിനിടെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. മുന്‍ നായകന്‍ എംഎസ് ധോണിയുടെ 355 സിക്‌സുകളുടെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് തിരുത്തിയത്. രോഹിത്തിന്റെ അക്കൗണ്ടില്‍ 358 സിക്‌സുകളുണ്ട്. സെഞ്ചുറിയോടെ ലോകകപ്പ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്താനും രോഹിത്തിന് സാധിച്ചു. ഈ ലോകകപ്പില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 319 റണ്‍സാണ് ഈ ലോകകപ്പില്‍ രോഹിത്തിന്റെ സമ്പാദ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook